ബിജെപി സ്വപ്നംകണ്ട കോൺഗ്രസ് മുക്ത ഭാരതം അവസാനിച്ചോ? 10 വർഷത്തിനിടെ ആദ്യമായി പ്രതിപക്ഷ നേതാവിന് കൈകൊടുത്ത് മോദി

കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമായിരുന്നു പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിൻ്റെ പാർട്ടിയും കഴിഞ്ഞ 10 കൊല്ലം പാർലമെൻ്റിലും പുറത്തും ഉന്നയിച്ചിരുന്നത്. എന്നാലിന്ന് കോൺഗ്രസിൻ്റെ പ്രതിപക്ഷ നേതാവിനെ പതിനെട്ടാം ലോക്സഭ തിരഞ്ഞെടുത്തത് കാണാൻ മോദിക്ക് അവസരമുണ്ടായി. ഒപ്പം സ്‌പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചത് കീഴ്വഴക്കം അനുസരിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ പദവി മോദിക്ക് കാര്യങ്ങൾ പഴയതുപോലെ എളുപ്പമാകില്ല എന്ന സൂചനയും നൽകുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ സമ്മേളനങ്ങളിൽ കണ്ടതുപോലെ പ്രതിപക്ഷ അംഗങ്ങളെ ഒന്നടങ്കം പുറത്താക്കുന്ന പരിപാടിയൊന്നും ഇനി നടക്കില്ല. 234 പേരുടെ പിന്തുണയുള്ള ശക്തമായ പ്രതിപക്ഷത്തെ ഭരണമുന്നണിക്ക് അവഗണിക്കാനാവില്ല എന്ന് ചുരുക്കം.

കഴിഞ്ഞ 10 കൊല്ലം പാർലമെൻ്റിലും പുറത്തും ഒരുതരം സ്റ്റീം റോളർ പ്രയോഗങ്ങളാണ് ബിജെപി നടത്തിപ്പോന്നത്. എന്നാലിപ്പോൾ പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാ പദവിയിലുള്ള വ്യക്തിയുമായി കൂടിയാലോചിച്ച് വേണ്ടിവരും പല സുപ്രധാന പദവികളിലേക്കുള്ള നിയമനം നടത്തേണ്ടത്. സിബിഐ ഡയറക്ടർ, മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ, ലോകായുക്ത, കേന്ദ്ര വിജിലൻസ് കമ്മീഷണർ, കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ സുപ്രധാന നിയമനങ്ങളിൽ പ്രതിപക്ഷ നേതാവുമായി കൂടിയാലോചന നടത്തണമെന്നാണ് ചട്ടം. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷ നേതാവ് ഇല്ലാത്തത് കൊണ്ട് ഇഷ്ടമുള്ളവരെ നിയമിക്കുന്ന പതിവായിരുന്നു കേന്ദ്രം അവലംബിച്ചു പോന്നത്.

പാർട്ടി എന്ന നിലയിൽ 102 സീറ്റ് നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസും, നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി ആർജ്ജിച്ച സ്വീകാര്യതയും പ്രതിപക്ഷനിരയെ ചടുലമാക്കാൻ പോന്നതാണ്. ഉത്തർ പ്രദേശിൽ നിന്ന് 37 സീറ്റുമായി എത്തിയ സമാജ് വാദി പാർട്ടി, 29 സീറ്റുള്ള തൃണമൂൽ, 22 സീറ്റുള്ള ഡിഎംകെ തുടങ്ങി എല്ലാവരും പ്രതിപക്ഷ നിരയുടെ പവർ ഹൗസുകളാണ്. കാര്യങ്ങൾ മോദിക്കും കൂട്ടർക്കും അത്ര എളുപ്പമാകില്ലെന്ന് സാരം.

കരുത്താർജ്ജിച്ച പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്ന് തെളിയിച്ച സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്താകമാനം നടന്നത്. നീറ്റ് പ്രവേശന പരീക്ഷയിൽ നടന്ന ക്രമക്കേടുകളും തട്ടിപ്പും ഉയർത്തിക്കൊണ്ട് വരുന്നതിൽ പ്രതിപക്ഷം വൻ വിജയമായി. സമരത്തിൻ്റെ ഫലമായി സിബിഐ അന്വേഷണവും ക്രമക്കേടുകൾ അന്വേഷിക്കാൻ കമ്മീഷനേയും നിയമിക്കാൻ സർക്കാർ നിർബന്ധിതരായി. കഴിഞ്ഞ കാലങ്ങളിലൊന്നും രാജ്യത്ത് കാണാത്ത മാറ്റമാണിത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രതിപക്ഷത്തെ ഭത്സിക്കുന്ന ഒരു വർത്തമാനം പോലും പറയാൻ പ്രധാനമന്ത്രി മുതിർന്നിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഒപ്പം പപ്പു എന്ന വിളിയും അവസാനിച്ച മട്ടാണ്.

ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ അവഗണിച്ച് മുന്നേറാമെന്ന ധാർഷ്ട്യത്തിന് ബ്രേക്കിടാൻ ബിജെപിയും അവരുടെ നേതൃത്വവും ഒടുക്കം തയ്യാറായി. ജനങ്ങൾ അവരെ തയ്യാറാക്കി എന്ന് പറയുന്നതാവും ശരി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top