എങ്ങും കാലുറയ്ക്കാതെ പിസി ചാക്കോ; ചെല്ലുന്നിടത്തെല്ലാം കുളം കലക്കല്‍ പതിവ്; ഒടുവില്‍ വീണത് മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ സ്‌ട്രോക്കില്‍
![](https://www.madhyamasyndicate.com/wp-content/uploads/2025/02/chacko.jpg)
എഴുപതുകളില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവും സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന പിസി ചാക്കോ, ഇതാ ഏറ്റവും ഒടുവില്‍ വന്നു കേറിയ പാര്‍ട്ടിയിലും അലമ്പുണ്ടാക്കി പിരിഞ്ഞു. നാല് കൊല്ലം മുമ്പ് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ ചാക്കോ അവിടെയും പരമാവധി കുഴപ്പങ്ങളുണ്ടാക്കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. അതിനുശേഷമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചിരിക്കുന്നത്.
കാഞ്ഞരപ്പള്ളി ചിറക്കടവ് സ്വദേശിയായ ചാക്കോ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പഠന കാലത്ത്
കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകനായി. കെഎസ്‌യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആക്ടീവായി. ആദ്യഘട്ടത്തില്‍ എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശ രാഷ്ടീയത്തിന്റെ പ്രചാരകനായി ചാക്കോ നിറഞ്ഞു നിന്നു. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/gettyimages-647219696-612x612-1.jpg)
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി യൂത്ത് കോണ്‍ഗ്രസിനെ കൈപ്പിടിയില്‍ ഒതുക്കിയിരുന്ന കാലത്ത് ചാക്കോ അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറി. 1973-75 കാലഘട്ടത്തില്‍ സംഘടനയുടെ ഏക ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അന്ന് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അംബികാ സോണിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ. സഞ്ജയുമായി ഉടക്കി കേരളത്തിലേക്ക് തിരിച്ചെത്തിയ ചാക്കോയ്ക്ക് ആന്റണി കെപിസിസി ജനറല്‍ സെക്രട്ടറി കസേര നല്‍കി.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/youth-power-7_050115110812-1.jpg)
അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരാ വിരോധം തലയ്ക്ക് പിടിച്ചു നടന്ന എകെ ആന്റണി സിപിഎമ്മുമായി ചേര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ ചാക്കോയായിരുന്നു പ്രധാന നേതാവ്. അക്കാലത്തെ കോണ്‍ഗ്രസ് യുവിന്റ തലയെടുപ്പുള്ള നേതാവായി മാറാന്‍ വേഗത്തില്‍ കഴിഞ്ഞു. 1980 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവം നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ചാക്കോ 34 മത്തെ വയസില്‍ മന്ത്രിയായി. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയാവാന്‍ കഴിഞ്ഞ ഭാഗ്യവാന്‍. അക്കാലത്ത് ഉമ്മന്‍ ചാണ്ടിയേക്കാള്‍ ആന്റണിയുടെ ഏറ്റവും വേണ്ടപ്പെട്ടവനായിരുന്നു ചാക്കോ. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ വെട്ടി ചാക്കോയെ ചേര്‍ത്തലയിലെ തങ്കച്ചന്‍ (എ കെ ആന്റണി) നായനാര്‍ മന്ത്രിസഭയില്‍ എത്തിച്ചത്. കന്നിക്കാരനായിട്ടു പോലും ചാക്കോയ്ക്ക് വ്യവസായ വകുപ്പാണ് ലഭിച്ചത്. കിട്ടിയ നേരത്ത് ചാക്കോ പത്ത് പുത്തനുണ്ടാക്കുന്ന പണിയില്‍ ഏര്‍പ്പെട്ടുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് സിമന്റ് വിതരണത്തിന് നിയന്ത്രണമുണ്ടായിരുന്ന കാലമായിരുന്നു.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/image-10.png)
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുള്ള മധുവിധു അവസാനിച്ചതോടെ കോണ്‍ഗ്രസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കാനും കൈകാര്യം ചെയ്യാനും തുടങ്ങി. എലിപ്പത്തായത്തില്‍ വീണ എലിയുടെ അവസ്ഥയിലായി ആന്റണി കോണ്‍ഗ്രസുകാര്‍. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധി ശക്തി പ്രാപിക്കുന്നത് തിരിച്ചറിഞ്ഞതോടെ എങ്ങനെയെങ്കിലും മാതൃപേടകത്തിലേക്ക് തിരിച്ചു കയറാന്‍ ആന്റണിയും കൂട്ടരും വെമ്പല്‍ കൊണ്ടു. വയലാര്‍ രവി ഇടതു മുന്നണിയെ പൊളിക്കാനും കോണ്‍ഗ്രസിനെ ഇന്ദിരാ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനുമുള്ള ഓപ്പറേഷന്‍ ദേശീയ തലത്തില്‍ തന്നെ തുടങ്ങിയിരുന്നു.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/Sanjay-Gandhi-Maneka-Gandhi-And-Indira-Gandhi.jpg)
1981 ഒക്ടോബറില്‍ വേളി യൂത്ത്‌ഹോസ്റ്റലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് (യു) നേതൃയോഗത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ വിടാനുള്ള തീരുമാനം ആന്റണി പ്രഖ്യാപിച്ചു. ഇന്ദിര കോണ്‍ഗ്രസിന്റെ സഹായ- സഹകരണത്തോടെ ബദല്‍ സര്‍ക്കാരുണ്ടാക്കാമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. മന്ത്രിസഭ വിടേണ്ടന്നും ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു പി.സി.ചാക്കോ, എ.സി.ഷണ്‍മുഖദാസ്, ടി.പി.പീതാംബരന്‍, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.സി.കബീര്‍, കെ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍. ശരത് പവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പാര്‍ട്ടിയായി മാറി ഇടതുപക്ഷത്ത് ഉറച്ചു നിന്നു. ചാക്കോ കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റായി.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/image-11.png)
നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ചാക്കോയ്ക്ക് ഇടതുപക്ഷ രാഷ്ട്രീയം മടുത്തു. കരുണാകരനെ തെറി വിളിച്ചു നടന്ന ചാക്കോ ഒരു സുപ്രഭാതത്തില്‍ ലീഡറെ കണ്ട് കാല് പിടിച്ച് 1986ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കരുണാകര കടാക്ഷത്തില്‍ 1991 ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ മുകുന്ദപുരത്തു നിന്നും 1998 ല്‍ ഇടുക്കിയില്‍ നിന്നും 2009ല്‍ തൃശുരില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്നെ ചതിച്ചിട്ടു പോയ മുന്‍ ശിഷ്യന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടും എ കെ ആന്റണി പിന്നീടൊരിക്കലും ചാക്കോയെ തന്റെ ഗ്രൂപ്പിലോ ഗുഡ്ബുക്കിലോ അടുപ്പിച്ചില്ല. മുറിഞ്ഞു പോയ പഴയ ബന്ധം വിളക്കിചേര്‍ക്കാന്‍ ചാക്കോ പരമാവധി ശ്രമിച്ചിട്ടും ആന്റണി വഴുതിമാറി.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/OIP-16.jpg)
ആന്റണി അടുപ്പിക്കാതായതോടെ കരുണാകരനുമായി അടുത്തെങ്കിലും അദ്ദേഹം ഒരു കൈ അകലത്തിലാണ് ചാക്കോയെ നിര്‍ത്തിയിരുന്നത്. കല്‍ക്കട്ടയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ ചാക്കോ ചില കുതന്ത്രം പയറ്റിയാണ് തന്റെ സ്ഥാനം തെറിപ്പിച്ചതെന്ന് ലീഡര്‍ വിശ്വസിച്ചിരുന്നത്. കേരളത്തിലെ മറ്റ് പല നേതാക്കളെക്കാളും ഹൈക്കമാന്‍ഡിലെ നേതാക്കളുമായി അടുപ്പം സ്ഥാപിച്ചിരുന്ന ചാക്കോ ഒടുക്കം രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായി മാറി. ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലക്കാരനായി. സ്വതസിദ്ധമായ കുത്തിത്തിരുപ്പുകള്‍ പയറ്റി ചാക്കോ 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ടു.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/dgp-report-in-governor-sfi-conflict-82.jpg)
കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞാണ് 2021 മാര്‍ച്ച് 10ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മാര്‍ച്ച് 26ന് പഴയ നേതാവ് ശരത് പവാറിന്റെ പാളയത്തില്‍ തിരിച്ചു കേറി. കോണ്‍ഗ്രസിലായിരിക്കുമ്പോഴും ശരത് പവാറുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ചാക്കോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ സ്വാധീനം നിമിത്തമാണ് ചാക്കോയെ എന്‍സിപി സംസ്ഥാന പ്രസിഡന്റാക്കിയത്. പാര്‍ട്ടിയില്‍ തിരിച്ചെത്തി രണ്ടാം മാസം തന്നെ സംസ്ഥാന പ്രസിഡന്റായ ചാക്കോ, പാര്‍ട്ടിക്കുള്ളില്‍ കുത്തിത്തിരുപ്പിന്റെ വിത്തുകള്‍ വിതച്ചു.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/457496051_826596192982311_6015630009223390196_n.jpg)
കുട്ടനാട്ടിലെ എന്‍സിപി എംഎല്‍എ ആയ തോമസ് കെ തോമസിനെതിരെ ഒരു പ്രവാസി ധനികനും ഹോട്ടല്‍ ഉടമയുമായ റെജി ചെറിയാനെ കളത്തിലിറക്കി.അവര്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ ജില്ലയില്‍ തുടര്‍ന്നു. എന്‍സിപിയില്‍ ഇനി തുടര്‍ന്നാല്‍ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസി വ്യവസായി റെജി ചെറിയാന്‍ എന്‍സിപി കൂടുവിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെത്തി. കുട്ടനാട് മണ്ഡലം ലക്ഷ്യമാക്കി യാണ് റെജി ജോസഫിനൊപ്പം ചേര്‍ന്നത്.
മന്ത്രിക്കുപ്പായം ധരിക്കാന്‍ വെമ്പിനിന്ന തോമസ് കെ തോമസ് പ്രസിഡന്റ് ചാക്കോയുമായി കൈകോര്‍ത്തു. അതുവരെ ചാക്കോയുമായി ഒരുമിച്ച് പോയിരുന്ന മന്ത്രി ശശീന്ദ്രനെതിരെ പണി തുടങ്ങി. മന്ത്രിയെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് പറഞ്ഞ് ചാക്കോ ഓപ്പറേഷന്‍ തുടങ്ങി. പക്ഷേ പിണറായി വിജയന്‍ ചാക്കോയുടെ കുതന്ത്രങ്ങള്‍ക്ക് തടയിട്ടു. ഒരു കാരണവശാലും ശശീന്ദ്രനെ മാറ്റില്ല എന്ന് തറപ്പിച്ചു പറഞ്ഞത് ചാക്കോ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയായിരുന്നു. ഞങ്ങടെ മന്ത്രിയെ ഞങ്ങൾ തീരുമാനിക്കും, എന്ന ഘടകക്ഷികൾ ഡിമാൻ്റ് ചെയ്യുന്ന പതിവ് മര്യാദകൾക്കൊന്നും അവിടെ സ്ഥാനമില്ലെന്ന് മനസിലാക്കിയതോടെ ചാക്കോ പത്തിമടക്കി.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/454580005_811242161184381_5363693824835564810_n.jpg)
മന്ത്രിമാറ്റ നീക്കം പാളിയതിന്റെ അമര്‍ഷത്തിലായിരുന്നു ചാക്കോ. വലിഞ്ഞു കേറി വന്ന് അണികളേയും നേതാക്കളേയും തമ്മിലടിപ്പിച്ച ചാക്കോയെ പിന്തുണക്കാന്‍ ആരും മുന്നോട്ട് വരാതെ ആയതോടെയാണ് പടിയിറങ്ങാന്‍ തീരുമാനിച്ചത്. ശശീന്ദ്രനും തോമസും കൈകോര്‍ത്തതോടെ ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് കളം വിട്ടു പോയത്. എല്ലാവരാലും വെറുക്കപ്പെട്ടതോടെ അപമാനിതനായി പുറത്തു പോവുകയല്ലാതെ വേറെ വഴിയില്ലാതായി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here