‘ജോസേ,യുഡിഎഫിലേക്ക് മടങ്ങി വരു’; അരക്കില്ലത്തില്‍ കിടന്ന് വെന്തുരുകാതെ പുതുവഴി തേടാന്‍ ജോസ് കെ മാണിക്ക് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ഉപദേശം

തിരുവനന്തപുരം: ഇടതുമുന്നണിയെന്ന അരക്കില്ലത്തില്‍ പെട്ടുപോയ ജോസ് കെ മാണിയും കൂട്ടരും യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കോണ്‍ഗ്രസ് മുഖപത്രം.
ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഓരോന്ന് സിപിഎമ്മും സിപിഐയും വീതിച്ചെടുത്ത് കേരള കോണ്‍ഗ്രസിനെ ഒഴിവാക്കുമെന്നാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ നല്‍കുന്ന മുന്നറിയിപ്പ്. ജൂലൈ ഒന്നിന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വീതിച്ചെടുത്ത് കേരള കോണ്‍ഗ്രസിനെ വെറും കൈയ്യോടെ പറഞ്ഞു വിടാനാണ് സാധ്യതയെന്നും ‘ജോസ് മാണി അരക്കില്ലത്തില്‍ വെന്തുരുകരുത്’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയല്‍ പരിഹസിക്കുന്നുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കട കടലിലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. പലതരം കയ്‌പേറിയതും നോവിക്കുന്നതുമായ ചെയ്തികള്‍ സിപിഎമ്മില്‍ നിന്നുണ്ടായിട്ടും പാര്‍ട്ടി പിളര്‍ത്താനും എല്‍ഡിഎഫില്‍ ചേക്കേറാനും പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാര്‍ത്തിയായിരുന്നു. യുഡിഎഫിനോട് കൊടുംചതി കാണിച്ച് എല്‍ഡിഎഫിലേക്ക് പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന രാജ്യസഭാ അംഗത്വം എപ്പോഴും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും, നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജോസ് മാണിയെ രണ്ടാമനെന്ന പരിഗണന നല്‍കി പ്രധാനവകുപ്പ് നല്‍കുമെന്നും ആയിരുന്നു സിപിഎം നല്‍കിയ വാഗ്ദാനമെന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു.

നാല് പതിറ്റാണ്ടിലേറെക്കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം മാണിയുടെ മകന് രാഷ്ട്രീയത്തിന്റെയും കര്‍ഷക രാഷ്ടീയത്തിന്റെയും നഴ്സറി പാഠങ്ങള്‍ പോലും വശമില്ല. എതിരാളികള്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം മാണി. അത്തരമൊരു മനസ്സോ മാനമോ കൗശലമോ ഇല്ലാത്ത ജോസ് കെ മാണി സിപി എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്ന് വീക്ഷണം ഉപദേശിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ചൂണ്ടയില്‍ ജോസ് കെ മാണി കൊത്തുമോ എന്നാണ് രാഷ്ടീയ കേരളം ഉറ്റുനോക്കുന്നത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ജോസിന്റെ കേരള കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫിലേക്ക് മടങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top