ചേലക്കരയിൽ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്ത് മുഖ്യമന്ത്രി; കോൺഗ്രസ്- ആർഎസ്എസ് ബന്ധമടക്കം ഉന്നയിച്ച് കടന്നാക്രമണം
ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസിനെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ 87000 വോട്ട് ചോർന്നു. ആ വോട്ട് ബിജെപിയുടെ ജയത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൻ്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി. മറ്റൊരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വർഗീയതയില്ലാത്ത നാടല്ല, വർഗീയ സംഘർഷമില്ലാത്ത നാടാണ്. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് കേരളത്തിൽ വർഗീയ സംഘർഷം ഇല്ലാത്തത്. അവിടെയാണ് എൽഡിഎഫ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതു മുന്നണിക്കുള്ളത്. എന്നാൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയെ പ്രീണിപ്പിച്ചെന്നും പിണറായി ആരോപിച്ചു.
എങ്ങനെയെങ്കിലും വോട്ട് കിട്ടിയാൽ മതിയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കൈകോർത്തു മുസ്ലിം ലീഗ് എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും സന്ധി ചെയ്യുന്നത് അവർക്ക് തന്നെ തിരിച്ചടിയാവും. നാടിൻ്റെ സ്വൈര്യവും ശാന്തിയും സമാധാനവും നിലനിർത്താൻ കഴിയുന്നത് എൽഡിഎഫിന് കീഴിൽ മാത്രമാണെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.
ബിജെപിക്ക് മറ്റ് മതങ്ങളോട് വിരോധമുണ്ട്. അതിൻ്റെ ഭാഗമായ അക്രമം അവർ നടപ്പാക്കുന്നു. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. കേന്ദ്ര വിരുദ്ധ സമരത്തിൽ യുഡിഎഫ് പങ്കെടുത്തില്ല. അവർ കേന്ദ്ര സമീപനത്തിന് ഒപ്പം നിന്നു. മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി വന്നുപോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ന്യായമായ സഹായം ഇതുവരെ ലഭിച്ചില്ല. ദുരന്തമുണ്ടായ മറ്റിടങ്ങളിൽ സഹായം നൽകി. കേരളം നശിക്കട്ടെയെന്ന സമീപനമാണ് കേന്ദ്രത്തിന്. മുണ്ടക്കൈയിൽ മനോഹരമായ ടൗൺഷിപ്പ് നിർമിക്കും. അതിർ വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here