വൈസ് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍; വനിതാ അധിക്ഷേപമാണ്‌ ചോദ്യം ചെയ്തതെന്ന് വൈസ് പ്രസിഡന്റ്; വക്കത്ത് കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്

തിരുവനന്തപുരം: വക്കം പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലടി. വൈസ് പ്രസിഡന്റ് തന്നെ മര്‍ദ്ദിച്ചെന്ന് കുന്നുവിള വാര്‍ഡ്‌ അംഗം എസ്.ഗണേഷ്. എന്നാല്‍ മര്‍ദ്ദിച്ചെന്ന ആരോപണം വൈസ് പ്രസിഡന്റ് എന്‍.ബിഷ്ണു നിഷേധിക്കുകയാണ്. പദ്ധതി ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തര്‍ക്കത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന പഞ്ചായത്ത് യോഗത്തിലാണ് ആദ്യ വാക്കേറ്റം ഉണ്ടായത്. പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും പദ്ധതികള്‍ക്കുള്ള തുക മുന്‍കൂട്ടി തീരുമാനിക്കണമെന്നുമാണ്ഗണേഷ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ പ്രസിഡനറും വൈസ് പ്രസിഡനറും തയ്യാറായില്ല. തര്‍ക്കത്തിലേക്ക് മാറിയപ്പോള്‍ പ്രസിഡനറും വൈസ് പ്രസിഡനറും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇതോടെ യോഗം മുടങ്ങി. അതിനുശേഷം ഈ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

പദ്ധതിക്കായുള്ള ഫണ്ടിന്റെ കണക്കുകള്‍ പഞ്ചായത്ത് യോഗത്തില്‍ വെക്കുന്നില്ല. കണക്കുകള്‍ കമ്മിറ്റിയില്‍ വെച്ചാലേ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ കഴിയൂ. താന്‍ ഇത് ചോദ്യം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റിനും മറ്റുള്ളവര്‍ക്കും രുചിച്ചില്ല-എസ്.ഗണേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഫണ്ടായി വകയിരുത്തുന്ന തുക മീറ്റിംഗില്‍ വെക്കണം. സര്‍ക്കാരില്‍ ഫണ്ടില്ലാത്ത സാഹചര്യത്തില്‍ പദ്ധതികള്‍ ആലോചിക്കുമ്പോള്‍ വലിയ ജാഗ്രത വേണം. ഇത് പറഞ്ഞുള്ള തര്‍ക്കത്തിനിടയില്‍ വൈസ് പ്രസിഡന്റ് വിഷ്ണു തന്നെ മര്‍ദ്ദിച്ചു.”- ഗണേഷ് പറഞ്ഞു.

ഗണേഷിന്റെ വാദങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബിഷ്ണു തള്ളിക്കളയുന്നു. എല്ലാ കാര്യങ്ങള്‍ക്കും ഉടക്ക് വെക്കുന്ന ആളാണ്‌ ഗണേഷ്. അതാണ്‌ പ്രശ്നങ്ങള്‍ക്ക് കാരണം-ബിഷ്ണു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഗണേഷിന്‍റെ വാര്‍ഡില്‍ 19 ലക്ഷത്തോളം രൂപയുടെ പദ്ധതിയുണ്ട്. എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നില്ല. അത് നീട്ടിക്കൊണ്ട് പോവുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പഞ്ചായത്ത് പ്രസിഡന്റ് വനിതയാണ്. അവരോട് മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തു. ഇതാണ് കഴിഞ്ഞ യോഗത്തില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. ഞങ്ങള്‍ ഗണേഷിനെ മര്‍ദ്ദിച്ചില്ല”-ബിഷ്ണു പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത പഞ്ചായത്തിലാണ് തമ്മില്‍ തല്ല് നടക്കുന്നത്. പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top