കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വിവാദമായപ്പോള്‍ സജീവമാക്കി

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ വിഷയം ഉന്നയിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അക്കൗണ്ടുകള്‍ സജീവമാക്കി. 2018-2019 ലെ ആദായനികുതി അടക്കാൻ 45 ദിവസം വൈകിയതിലാണ് നടപടി. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി 210 കോടി രൂപയാണ് ഇൻകംടാക്സ് ആവശ്യപ്പെട്ടത്. അക്കൗണ്ടുകൾ മാത്രമല്ല, രാജ്യത്തെ ജനാധിപത്യമാണ് ഇത്തരം നടപടികളിലൂടെ മരവിപ്പിക്കപ്പെട്ടതെന്ന് മാക്കൻ തുറന്നടിച്ചു.
ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി ആറായിരം കോടി സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ അടിച്ചമര്‍ത്തുന്ന രീതിയില്‍ നടപടി ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസിന്റെ അടക്കം നാല് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിക്ക് വൈദ്യുതി ബിൽ അടയ്ക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പണമില്ലെന്നും ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും മാക്കന്‍ പറഞ്ഞു.
അക്കൗണ്ട് മരവിപ്പിക്കുന്നതിനെക്കുറിച്ച് ഇന്നലെയാണ് വിവരം ലഭിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് മാക്കന്‍ അറിയിച്ചു. ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഒഴിവാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here