‘നല്ല ബെസ്റ്റ് പാർട്ടി’, വയനാട്ടിൽ കോൺഗ്രസ് ഓഫീസും സ്ഥലവും പാർട്ടിനേതാവ് അടിച്ചുമാറ്റി സ്വന്തം പേരിലാക്കി, തിരിച്ചു നൽകിയില്ലെങ്കിൽ പൗലോസിന്റെ വീട്ടിൽ കൊടികുത്തുമെന്ന് നേതാക്കൾ
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ കോൺഗ്രസിനു വേണ്ടി വാങ്ങിയ സ്ഥലവും കെട്ടിടവും മുൻ ഡിസിസി പ്രസിഡന്റ് അടിച്ചുമാറ്റിയെന്നു പരാതി. പൊതുജനങ്ങളിൽനിന്നും കോൺഗ്രസ് പ്രവർത്തകരിൽനിന്നും പിരിവെടുത്തുവാങ്ങിയ സ്ഥലവും കെട്ടിടവുമാണ് കെ.എൽ.പൗലോസ് സ്വന്തം പേരിലാക്കിയത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്കും കോൺഗ്രസ് പ്രവർത്തകരുടെ പരാതി പ്രവാഹമാണ്. വസ്തുവാങ്ങുന്ന കാലത്ത് പൗലോസിനൊപ്പമുണ്ടായിരുന്ന ബേബി സുകുമാരൻ മാസ്റ്ററാണ് എഐസിസി പ്രസിഡന്റിനു പരാതിയയച്ചത്.
1985-ൽ പുൽപ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭൂമി വാങ്ങി ഓഫീസ് കെട്ടിടം പണിയാൻ തീരുമാനിച്ചു. ചാരായത്തൊഴിലാളി യൂണിയൻ 1994-ൽ പണപ്പിരിവുനടത്തി കെട്ടിടം പണിപൂർത്തിയാക്കി. ഇതിനൊപ്പം കോൺഗ്രസിന്റെ കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു. പാർട്ടിക്കുവേണ്ടി ആറര സെന്റ് സ്ഥലം വാങ്ങിയെന്നാണ് കെപിസിസിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പൗലോസിനെ പിന്തുണച്ചും എതിർത്തും ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുപ്പത്തോട് മാധവൻ നായർ എന്ന വ്യക്തിയിൽ നിന്ന് 1994-ൽ പാർട്ടിക്കായി വാങ്ങിയ ആറര സെന്റ് സ്ഥലത്തിനു അമ്പലവയൽ ലാൻഡ് ട്രിബ്യുണലിൽ നിന്നും കെ.എൽ.പൗലോസിന്റെ പേരിൽ പട്ടയം ലഭിച്ചിരുന്നു. ഇതിലാണ് ഇരുനിലകെട്ടിടമുണ്ടാക്കി രാജീവ് ഭവൻ എന്ന പേരിട്ടത്. പാർട്ടിപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ നിർമ്മിച്ച കെട്ടിടവും ഭൂമിയും പൗലോസ് സ്വന്തം പേരിലാക്കിയെന്നാണ് ആക്ഷേപം. 2004-ലും സമാനമായ തർക്കമുണ്ടായി.
ഇതിനിടെ പൗലോസ് മൂന്നര സെന്റ് സ്ഥലം പാർട്ടിയറിയാതെ വിറ്റു പണം കൈക്കലാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥലവും കെട്ടിടവും പാർട്ടിയുടെ പേരിലേക്ക് മാറ്റാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും പൗലോസ് തയാറായില്ല. ഭൂമി തിരികെയേൽപ്പിക്കാൻ തയാറായില്ലെങ്കിൽ വിറ്റസ്ഥലത്ത് കൊടി നാട്ടുമെന്നും പൗലോസിന്റെ വീട്ടിലേക്ക് മാർച്ചുനടത്തുമെന്നും എതിർ ഗ്രൂപ്പുകാർ ഭീഷണി മുഴക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ ഭൂമിയും കെട്ടിടവും പൗലോസ് സ്വകാര്യ സ്വത്താക്കിയെന്നുകാണിച്ചു എഐസിസി പ്രസിഡന്റ് ഖാർഗെക്കും കെപിസിസി പ്രസിഡന്റിനും പരാതി അയച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ‘മാധ്യമ സിണ്ടിക്കറ്റ്’ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനോട് പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം സംസാരിക്കാൻ വിസമ്മതിച്ചു.
പാർട്ടിക്കുവേണ്ടി മൂന്നു സെന്റ് സ്ഥലം മാത്രം വാങ്ങിയെന്നാണ് പൗലോസിന്റെ വാദം. എന്നാലിതു കള്ളമാണെന്നാണ് എതിർ ഗ്രൂപ്പിന്റെ വാദം. സെന്റിന് 3000 രൂപ വച്ച് 18000 രൂപ നൽകിയാണ് ആറ് സെന്റ് സ്ഥലം പാർട്ടി വാങ്ങിയത്. ഇതിൽ മൂന്നര സെന്റ് സ്ഥലമാണ് പൗലോസ് മറിച്ചുവിറ്റത്. ഇതേകുറിച്ച് പ്രതികരണം ആരാഞ്ഞെങ്കിലും പൗലോസ് പ്രതികരിച്ചില്ല.
വസ്തുവാങ്ങുന്ന കാലത്ത് പൗലോസിനൊപ്പം ഐഎൻടിയുസിയിൽ പ്രവർത്തിച്ച പി.എൻ. ശിവനാണ് ഈ തട്ടിപ്പിനെതിരെ ആദ്യമായി രംഗത്തുവന്നത്. 2004 മുതൽ ഭൂമിയും കെട്ടിടവും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടിട്ടും പൗലോസ് മടക്കിത്തരാൻ തയാറായില്ലെന്ന് ശിവൻ പറഞ്ഞു. പാർട്ടിയോടും ജനങ്ങളോടും പൗലോസ് കടുത്ത വഞ്ചനയും തട്ടിപ്പുമാണ് നടത്തിയത്.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൗലോസ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടാൽ വസ്തുവും കെട്ടിടവും തിരിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ചതിയും വചനയും കാണിച്ച കെ.എൽ.പൗലോസിന്റെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നിലകൊള്ളുന്നത് പുൽപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്താണ്. സെന്റിന് ലക്ഷങ്ങളാണ് വിലമതിക്കുന്നത്. പൗലോസ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഡിസിസി ജനറൽ സെക്രട്ടറി ആയിരുന്ന പി.വി.ജോണിന്റെ ആത്മഹത്യയുടെ പിന്നിലും പൗലോസിന്റെ പങ്കിനെക്കുറിച്ച് ആരോപണ – പ്രത്യാരോപണങ്ങൾ ഉയർന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here