പെരിയ ഇരട്ടക്കൊലക്കേസിനെ കോണ്‍ഗ്രസ് സമീപിച്ചത് വൈകാരികമായി; മുല്ലപ്പള്ളിയുടെ പൊട്ടിക്കരച്ചില്‍ ആത്മാര്‍ത്ഥയുള്ളത്; കുടുംബത്തിനും സംരക്ഷണം

പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. 2019 ഫെബ്രുവരി 17ന് ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടതു മുതല്‍ ഇന്ന് വിധി വരുന്നതുവരെ കോണ്‍ഗ്രസ് ഈ കേസിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. ഭരണത്തിന്റെ തണലില്‍ മുന്‍ എംഎല്‍എ അടക്കമുള്ള പ്രതികളെ രക്ഷിക്കാനുളള സിപിഎം നീക്കങ്ങളെ ചെറുക്കാന്‍ രാഷ്ട്രീയമായും നിയമപരമായും പോരാടി. സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബം സുപ്രീംകോടതി വരെ പോരാടിയപ്പോഴും കോണ്‍ഗ്രസ് ഒപ്പം തന്നെയുണ്ടായിരുന്നു.

കൊലപാതകം നടന്നതിന്റെ പിറ്റേദിവസം ശരത്‌ലാലിന്റേയും കൃപേഷിന്റേയും വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിവാകാരികമായാണ് പ്രതികരിച്ചത്. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞു. അന്നുമുതല്‍ അതേ വൈകാരികമായി തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയത്. അന്ന മുതല്‍ എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആ കുടംബത്തിലെ അംഗത്തെ പോലെ പെരുമാറി. ആ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു. ശരത്‌ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തിലും വിവാഹത്തിലുമെല്ലാം സഹോദരന്റെ സ്ഥാനത്തു നിന്നത് ഷാഫി പറമ്പിലായിരുന്നു. ഷാഫി മാത്രമല്ല മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സ്വന്തം സഹോദരിയുടെ വിവാഹത്തിന് എന്ന പോലെ പങ്കെടുത്തു.

നിയമപരമായ പോരാട്ടം എടുത്തു പറയേണ്ട കാര്യമാണ്. രണ്ട് കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസിനായി മുടക്കിയത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സർക്കാർ എത്തിച്ചത് മുതിര്‍ന്ന അഭിഭാഷകരെ ആയിരുന്നു. ഇതിനെയെല്ലാം നേരിട്ടാണ് മുന്‍ എംഎല്‍എ അടക്കമുള്ളവരെ 14 പേര്‍ കുറ്റക്കാർ എന്ന് കണ്ടെത്തുന്നതില്‍ വരെ എത്തി നില്‍ക്കുന്നത്. പത്തുപേരെ വെറുതെ വിട്ടതിനെതിരെ ഇനിയും നിയമപോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top