എസ്ഡിപിഐ പിന്തുണ തലവേദനയാകുന്നു; നിരസിച്ച് തലയൂരാൻ കോൺഗ്രസ്; നീക്കം മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പ്രചരണ ആയുധമാക്കിയതോടെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥികളെ നിർത്താതെ യുഡിഎഫിന് പിന്തുണയെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനം കോൺഗ്രസിന് പ്രതിസന്ധിയാകൂന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി കോൺഗ്രസിനെതിരെ മുഖ്യപ്രചരണ വിഷയമായി ഇത് ഉന്നയിക്കുകയാണ്. ഇതോടെയാണ് നിരുപാധിക പിന്തുണ നിരസിക്കാൻ കോൺഗ്രസിൽ ആലോചന തുടങ്ങിയത്. യുഡിഎഫ് നേതാക്കളുമായി കോൺഗ്രസ് ആശയവിനിമയം നടത്തി.
രാഹുൽഗാന്ധിയുടെ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ വയനാട്ടിൽ എത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ഇത് സംബന്ധിച്ച് മുന്നണി നേതാക്കളുമായി ചർച്ച നടത്തി. നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കുന്ന നീക്കങ്ങളെ പൂർണ്ണമായി ഒഴിവാക്കാം എന്ന ധാരണയാണ് നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നത്.
കോൺഗ്രസുമായോ യുഡിഎഫുമായോ യാതൊരുവിധ ആശയവിനിമയവും ഇല്ലാതെ ഏകപക്ഷീയമായാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്. ഇതാണ് കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയത്. ദേശീയതലത്തിൽ ഈ വിഷയം ബിജെപി പ്രചാരണ ആയുധമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കർണാടകയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയം ഉന്നയിച്ച് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസിന് പിന്നിൽ ജനങ്ങൾ എങ്ങനെ സുരക്ഷിതരായി ജീവിക്കുമെന്ന ചോദ്യമാണ് അമിത് ഷാ ഉന്നയിച്ചത്.
ഇതോടെയാണ് പിന്തുണ നിരസിച്ച് തലയുരാൻ കോൺഗ്രസിൽ ധാരണയായത്. ഇന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സനും മാധ്യമങ്ങളെ കാണുന്നുണ്ട്. എസ്ഡിപിഐയുടെ പിന്തുണ സംബന്ധിച്ച് ഈ വാർത്ത സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
പരമാവധി വിവാദങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞതവണ വയനാട്ടിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ മുസ്ലിം ലീഗിൻറെ കൊടി ഉപയോഗിച്ചത് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ആയുധമാക്കിയിരുന്നു. പാകിസ്താന്റെ കൊടിയുമായി രാഹുൽ റോഡ് ഷോ നടത്തി എന്ന തരത്തിലാണ് പ്രചരണം നടന്നത്. അതിനാൽ ഇത്തവണ മുസ്ലിം ലീഗിൻറെ കൊടിയും മുന്നണി മര്യാദയുടെ ഭാഗമായി കോൺഗ്രസിന്റെയും കൊടി ഒഴിവാക്കിയാണ് റോഡ് ഷോ നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here