രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രിയുടെ ‘പപ്പുസ്ട്രൈക്ക്’; അഞ്ചുവർഷം മുമ്പ് ദേശാഭിമാനി വിഴുങ്ങിയ പ്രയോഗം വീണ്ടും പുറത്തെടുത്ത് പാർട്ടി; ഇന്ത്യാമുന്നണിക്കാരുടെ കോഴിപ്പോര്

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ ആക്ഷേപം വൻ വിവാദമാകുന്നു. കോഴിക്കോട് ഇടത് സ്ഥാനാർത്ഥി എളമരം കരീമിൻ്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് പഴയ പ്രയോഗം ഓർമപ്പെടുത്തി മുഖ്യമന്ത്രി പരോക്ഷ ആക്രമണം നടത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ പപ്പുവെന്ന് വിളിച്ച് ബിജെപി തുടങ്ങിവച്ച ആക്ഷേപം 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം മുഖപത്രം ഏറ്റെടുത്തെങ്കിലും പിന്നീട് ‘ജാഗ്രതക്കുറവ്’ ഏറ്റുപറഞ്ഞ് തലയൂരുകയായിരുന്നു.

“താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുത്. രാഹുൽ ഗാന്ധിക്ക് നേരത്തെ ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോൾ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്”; ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരിഹാസം. ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി, പിണറായി വിജയനെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചിരുന്നു. ഇതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് രാഹുൽ ഗാന്ധിയെ പരിഹസിക്കാനായി ബിജെപി വ്യാപകമായി അദ്ദേഹത്തെ പപ്പു എന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. അമിത് ഷാ അടക്കമുള്ള നേതാക്കൾ പ്രസംഗങ്ങളിലും അങ്ങനെ വിശേഷിപ്പിച്ചു. മണ്ടത്തരങ്ങൾ പറയുന്ന ആളിനെ സാധാരണ ഹിന്ദിയിൽ വിശേഷിപ്പിക്കുന്ന പേരാണ് പപ്പു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ബിജെപിക്കാർ രാഹുലിനെ പപ്പുവെന്നാണ് വിളിച്ചിരുന്നത്. അക്കാലത്ത് ട്വിറ്ററിലെ ടോപ്പ് ട്രെൻഡിംഗ് പേര് തന്നെ പപ്പു ആയിരുന്നു.

എന്നാൽ 2019 ആയപ്പോഴേക്കും രാഷ്ട്രീയമായി ഒരുപാട് പക്വത പ്രാപിച്ച രാഹുലിനെ ബിജെപി അങ്ങനെ വിളിക്കാതെയായി. ബിജെപിയുമായി നേർക്കുനേർ യുദ്ധം പ്രഖ്യാപിച്ച രാഹുലിനെയാണ് പിന്നീട് കണ്ടത്. എന്നാൽ 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ ഇടതിനെതിരെ മത്സരിക്കാൻ എത്തിയപ്പോൾ സിപിഎം നേതാക്കൾ അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും പപ്പുവെന്ന് വിളിക്കാൻ തുടങ്ങി. മാധ്യമങ്ങൾ സാധാരണ വ്യക്തിയധിക്ഷേപം നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാറുണ്ട്. എന്നാൽ അത്തരം മര്യാദകളെല്ലാം ലംഘിച്ചു കൊണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനി 2019 ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലും രാഹുലിനെ പപ്പുവെന്ന് വിളിച്ചാക്ഷേപിച്ചു. ഹീനമായ പ്രയോഗങ്ങളും ഉപമകളുമാണ് അദ്ദേഹത്തിനെതിനെതിരെ അന്ന് ഉപയോഗിച്ചത്.

എവിടെയും വിജയസാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് വയനാടന്‍ ചുരം കയറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായത്. 1984ല്‍ 543ല്‍ 404 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 29 സംസ്ഥാന ങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി 44 സീറ്റുമാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. ഈ തകര്‍ച്ച തടയാന്‍ കിഴക്കന്‍ യുപിയില്‍ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണംപിടിക്കുന്നില്ല എന്നല്ലേ രാഹുലിന്റെ ഒളിച്ചോട്ടം വിളിച്ചുപറയുന്നത്. ഈ ഗതികേടിന്റെ ഭാഗമായാണ് വയനാട്ടിലേക്ക് ഓടിവന്നത് എന്നൊക്കെയായിരുന്നു ദേശാഭിമാനി മുഖപ്രസംഗത്തിലെ അധിക്ഷേപങ്ങൾ.

“രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ് എന്ന സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്. മാലോകർക്ക് മുഴുവൻ അറിയുന്ന കാര്യമാണ് ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആർഎസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎമ്മും ഇടതുപക്ഷവും എന്നുള്ളത്. ബിജെപിയെയാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നതെങ്കിൽ അദ്ദേഹം മത്സരിക്കേണ്ടത് ഒരിക്കലും കേരളത്തിലല്ല. ഇന്നുവരെ ലോക‌്സഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിയാത്ത സംസ്ഥാനമാണിത്. കേരളത്തിൽ എന്നും പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അപ്പോൾ രാഹുൽ ഗാന്ധി മത്സരിക്കുന്നത് എൽഡിഎഫിനോടാണ് എന്നർത്ഥം. കോൺഗ്രസ് അധ്യക്ഷൻ തന്നെ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ പ്രധാന ശത്രു ഇടതുപക്ഷമാണെന്ന് വരുന്നു. അങ്ങനെയുള്ള ഒരു നേതാവിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാനാകുക? അമേഠിയെന്ന ഒരു മണ‌്ഡലത്തിൽപോലും ബിജെപിയെ നേരിട്ട് തോൽപ്പിക്കാൻ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിന് എങ്ങനെയാണ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവാകാൻ കഴിയുക. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി ശോചനീയമാകും എന്നതിന്റെ വ്യക്തമായ സൂചനയായി മാത്രമേ രാഹുലിന്റെ വയനാടൻ മത്സരത്തെ നോക്കിക്കാണാൻ കഴിയൂ. കോൺഗ്രസിന് മേൽകൈ ഇല്ലാത്ത ഒരു ബിജെപി വിരുദ്ധ സഖ്യത്തിലേക്കാണ് ദേശീയ രാഷ്ട്രീയം നീങ്ങുന്നത് എന്നർത്ഥം. ബിജെപിയെ അവരുടെ തട്ടകത്തിൽ നേരിടാനാകാതെ, അതിനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഹുലിന്റെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് എന്നതിന്റെ പ്രഖ്യാപനമാണ്. ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ. ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പുസ്ട്രൈക്ക് ആണ് കോൺഗ്രസിന്റേത്. അത് അവരുടെ നാശം പൂർണമാക്കും”. ഇങ്ങനെയായിരുന്നു എഡിറ്റോറിയൽ.

ദേശാഭിമാനി ചീഫ് എഡിറ്ററും എറണാകുളത്തെ ഇടതുസ്ഥാനാർഥിയുമായ പി.രാജീവ് മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ആവശ്യപ്പെട്ടതോടെ മറ്റുള്ള കോൺഗ്രസുകാരും ഏറ്റുപിടിച്ച് ബഹളമുണ്ടാക്കി. പപ്പു പ്രയോഗം തിരിച്ചടിക്കുമെന്നായപ്പോൾ ദേശാഭിമാനി വിശദീകരണം നടത്താൻ തയ്യാറായി. സമസ്ത മേഖലകളിൽ നിന്നുമുയർന്ന വിമർശനത്തിന് മറുപടിയുമായി ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ റസിഡൻ്റ് എഡിറ്റർ പി.എം.മനോജാണ് രംഗത്തെത്തിയത്. എഡിറ്റോറിയൽ എഴുതിയതിൽ ദേശാഭിമാനിക്ക് ജാഗ്രതക്കുറവുണ്ടായി എന്നൊരു കുറിപ്പാണ് ഫെയ്സ്ബുക്കിലിട്ടത്. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കു ന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രീതിയല്ല എന്ന് വിശദീകരിച്ച പി.എം.മനോജ് അങ്ങനെ ഒരു വാക്ക് വന്നത് അനുചിതമാണെന്നും സമ്മതിച്ചു. പി.എം.മനോജ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ്.

ഇങ്ങനെ ഗത്യന്തരമില്ലാതെ പാർട്ടിപത്രം വിഴുങ്ങിയ ആ ആക്ഷേപത്തിൻ്റെ അഞ്ചാം വാർഷികത്തിലാണ് വീണ്ടും മുഖ്യമന്ത്രി തന്നെ പൊതുവേദിയിൽ അതെടുത്ത് പുറത്തിട്ടിരിക്കുന്നത്. വേണ്ടിവന്നാൽ നിഷേധിക്കാൻ പാകത്തിൽ പപ്പു എന്ന പേരുപറയാതെ, എല്ലാവർക്കും മനസിലാക്കാൻ പാകത്തിൽ വ്യക്തമായി തന്നെ അത് ഓർമിപ്പിക്കുകയാണ് ഇത്തവണ ഉണ്ടായതെന്ന വ്യത്യാസം മാത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top