പ്രചാരണത്തിന് പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ക്രൗഡ് ഫണ്ടിങ് വിജയിച്ചില്ല

ഒഡിഷ: പുരി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് നിന്ന് പിന്‍മാറി. സുചാരിത മൊഹന്തിയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയത്. പ്രചാരണത്തിന് ഫണ്ട് ഇല്ലാത്തതാണ് പിന്‍മാറാന്‍ കാരണം. പണം ഇല്ലാത്തതിനാല്‍ ജനങ്ങളില്‍ നിന്ന് സംഭാവന സ്വരൂപിച്ചിട്ടും ചിലവ് ചുരുക്കങ്ങള്‍ നടത്തിയിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ആകുന്നില്ലെന്നും സുചാരിത വ്യക്തമാക്കി.
അടുത്തിടെ ഇൻഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബം മത്സരത്തില്‍ നിന്നും പിന്‍മാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ആളുകളെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് താന്‍ ആഗ്രഹിച്ചത്. പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നിര്‍ബന്ധിതയായതായി സുചാരിത പറയുന്നു. ഇതിനായി ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ അടക്കം നടത്തി സംഭാവനകള്‍ തേടി. പണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും യുപിഐ, ക്യുആര്‍ കോഡുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതെല്ലം നിഷ്ഫലമായതോടെയാണ് പാര്‍ട്ടിയോട് പണം ആവശ്യപ്പെട്ടത്. അതും ലഭിക്കാതായതോടെയാണ് മത്സരരംഗത്ത് നിന്നും പിന്‍മാറിയ കാര്യം പാര്‍ട്ടിയെ അറിയിച്ചതെന്ന് സുചാരിത വിശദീകരിച്ചു.

ഫണ്ട് ഇല്ലാത്തതിന് പാര്‍ട്ടി ഉത്തരവാദിയല്ല. അക്കൗണ്ടുകള്‍ മരവിപ്പിച്ച് ബിജെപി സര്‍ക്കാര്‍ പാര്‍ട്ടിയെ മുട്ടുകുത്തിച്ചിരിക്കുകയാണ്. ബിജെപിയും ബിജെഡിയും പണക്കൊഴുപ്പിന്റെ പ്രദർശനം നടത്തുകയാണ്. അപ്രകാരം മത്സരിക്കാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുചാരിത പറഞ്ഞു. മേയ് 25നാണ് പുരിയിലെ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സുചാരിത പിന്‍മാറുന്നത്. ഇന്നലെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെന്ന വിവരം പാര്‍ട്ടി നേതാക്കള്‍ക്ക് മെയില്‍ വഴി അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top