തകര്‍ന്നടിഞ്ഞ സംഘടനാ സംവിധാനം; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയില്ല; കോണ്‍ഗ്രസിലെ തര്‍ക്കം മുഖ്യമന്ത്രി സ്ഥാനത്തില്‍; എന്തൊരു പാര്‍ട്ടിയിത്

സിപിഎം സമ്മേളന കാലത്തിലൂടേയും ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്കും കടക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് 2026ല്‍ ആരാകും മുഖ്യമന്ത്രി എന്ന് പറഞ്ഞ് തര്‍ക്കിക്കുകയാണ്. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനോ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനോ ശ്രദ്ധ ചെലുത്താതെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സമുദായ നേതാക്കളുടെ പിന്തുണ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍. ഒരു നേതാവിനെ പ്രശംസിച്ചും മറ്റൊരു നേതാവിനെ തള്ളിപ്പറഞ്ഞും സമുദായ നേതാക്കളും കളം നിറയുന്നുണ്ട്. ഇങ്ങനെ, രാഷ്ട്രീയത്തിന് അപ്പുറത്തുള്ള പ്രിവിലുേജുകൾ കൊണ്ട് നേട്ടമുണ്ടാക്കാൻ ഓരോരുത്തരും ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ കാണുന്നത്.

കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം ജനം യുഡിഎഫിന് വോട്ടും ചെയ്യും എന്ന് കരുതിയാണ് ഈ തമ്മിലത്തല്ല്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നിര്‍ജീവമായ അവസ്ഥയിലാണ് എന്നത് ഇവരാരും പരിഗണിക്കുന്നില്ല. മേല്‍ത്തട്ടിലെ ചില നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളിലെ പ്രകടനം കൊണ്ട് മാത്രം സജീവമായി നില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം. പല ഡിസിസികളും നിര്‍ജീവമായി ഇരിക്കുകയാണ്. ഡിസിസി പ്രസിഡന്റുമാര്‍ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളല്ലാതെ പാര്‍ട്ടി വളര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല.

കോണ്‍ഗ്രസില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് ഏറെക്കുറെ വിജയിക്കുന്നു എന്ന് തന്നെ പറയാം. ഈ ഘട്ടത്തിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീക്കങ്ങള്‍ സജീവമാക്കിയത്. ഏറെക്കാലമായി അകല്‍ച്ചയിലായിരുന്ന എന്‍എസ്എസുമായി നീക്കുപോക്ക് ഉണ്ടാക്കിയും എന്‍ഡിപിയുടെ പിന്തുണ ഉറപ്പിച്ചും ചെന്നിത്തല മുഖ്യമന്ത്രി കസേരയിലേക്കുളള നീക്കം തുടങ്ങി. മുനമ്പത്ത് എത്തി ഭൂസമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് സമസ്ത വേദിയിലെത്തി താനും ഒപ്പമുണ്ടെന്ന സന്ദേശം സതീശന് നല്‍കിയിരിക്കുകയാണ് ചെന്നിത്തല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ വിജയവുമാണ് കോണ്‍ഗ്രസിലെ നേതാക്കളെ അധികാര മോഹത്തില്‍ എത്തിച്ചത്. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥിതി കൂടി ഇക്കൂട്ടര്‍ ഓര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 19 സീറ്റികളിലെ മിന്നും വിജയത്തിന്റെ ആലസ്യത്തില്‍ സംഘടനയെ മറന്നാണ് കോണ്‍ഗ്രസ് അന്ന് തിരഞ്ഞെടുപ്പിലേക്ക് പോയത്. അതിന്റെ ഫലമാണ് വീണ്ടും അംഗബലം കുറഞ്ഞ് പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വന്നത്. തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുമ്പ് ഇതാണ് തര്‍ക്കമെങ്കില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരസ്പരം തോല്‍പ്പിക്കാന്‍ ഇക്കൂട്ടര്‍ തയാറാകും എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ മൂന്നാം വട്ടവും പിണറായി സര്‍ക്കാര്‍ എന്ന സ്ഥിതിയുണ്ടാകും.

കോണ്‍ഗ്രസിലെ സംഘടനാ സംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരെ ഭാരവാഹികളായി ഇരുത്തിയിരിക്കുന്നതു കൊണ്ട് തന്നെ കാര്യമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി വന്നപ്പോള്‍ യൂണിറ്റ് കമ്മറ്റികള്‍ പുനരുജീവിപ്പിക്കും എന്നെല്ലാം പ്രഖ്യാപനം ഉണ്ടായെങ്കിലും കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയപ്പോള്‍ താല്ക്കാലികമായി കൈമാറിയ കെപിസിസി പ്രസിഡന്റ് സ്ഥാനം ബലമായാണ് സുധാകരന്‍ തിരിച്ചുപിടിച്ചത്. ഇതുതന്നെ കോണ്‍ഗ്രസ് സംഘടനയുടെ സ്ഥിതി. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കള്‍ മാറി, പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വന്നില്ലെങ്കില്‍ അത് വലിയ തിരിച്ചടിയായിരിക്കും കോണ്‍ഗ്രസിന് നല്‍കുക. ഇപ്പോഴത്തെ തര്‍ക്കങ്ങളും കളംപിടിക്കലും കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top