എസ്ഡിപിഐയെ തള്ളി കോൺഗ്രസ്; സംഘടനയുടെ പിന്തുണ വേണ്ട, വ്യക്തിപരമായി ആർക്കും വോട്ടുചെയ്യാമെന്ന് പ്രതിപക്ഷ നേതാവ്; നിലപാട് പ്രഖ്യാപനം മറ്റ് സംസ്ഥാനങ്ങളിലെ തിരിച്ചടി ഭയന്ന്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥികളെ നിർത്താതെ യുഡിഎഫിന് പിന്തുണക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനം തള്ളി കോൺഗ്രസ്. വ്യക്തികൾക്ക് വോട്ടുകൾ ചെയ്യാം, എന്നാൽ സംഘടന എന്ന തലത്തിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് നിലപാട് പ്രഖ്യാപിച്ചു.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നത്. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ വർഗീയ സംഘടനകളുടെ പിന്തുണ ആവശ്യമില്ലെന്നും സതീശൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എംഎം ഹസനൊപ്പം സംയുക്ത വാർത്താസമ്മേളനം നടത്തിയാണ് സതീശൻ കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി കോൺഗ്രസിനെതിരായ പ്രചരണ വിഷയമായി എസ്ഡിപിഐ പിന്തുണ ഉന്നയിച്ചതോടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് നേതാക്കളുമായി കോൺഗ്രസ് ആശയവിനിമയം നടത്തിയിരുന്നു. രാഹുൽഗാന്ധിയുടെ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ വയനാട്ടിൽ എത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ഇത് സംബന്ധിച്ച് മുന്നണി നേതാക്കളുമായി ചർച്ച നടത്തി. നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കുന്ന നീക്കങ്ങളെ പൂർണ്ണമായി ഒഴിവാക്കാം എന്ന ധാരണയാണ് നേതൃത്വത്തിൽ ഉണ്ടായത്.
കോൺഗ്രസുമായോ യുഡിഎഫുമായോ യാതൊരുവിധ ആശയവിനിമയവും ഇല്ലാതെ ഏകപക്ഷീയമായാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്. ഈ പിന്തുണ നിരസിച്ച് ശക്തമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here