കോൺഗ്രസിൽ വീണ്ടും പുന:സംഘടനാ മോഹങ്ങൾക്ക് ചിറകു മുളയ്ക്കുന്നു; കെപിസിസിയിൽ പുതിയ ഭാരവാഹികൾക്ക് ശുക്രനുദിച്ചേക്കാം

കേരളത്തിലെ കോൺഗ്രസ് പുനസംഘടനയിൽ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് തീരുമാനമുണ്ടായേക്കും. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻ്റുമായി വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയുണ്ടായേക്കും. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റുമായി എത്താനാണ് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനും ലഭിച്ചിരിക്കുന്ന നിർദേശം.
ഒരു കാരണവശാലും ജംബോക്കമ്മറ്റി വേണ്ടൈന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാണ്. നേതാക്കളുടെ ശിങ്കിടികളെ കുത്തിനിറയ്ക്കുന്ന ഏർപ്പാട് പാടില്ലെന്നാണ് പൊതുവെയുള്ള തീരുമാനം. എന്നാൽ ചില മുതിർന്ന നേതാക്കൾ 100ലധികം സെക്രട്ടറിമാരെ നിയമിക്കണമെന്ന അഭിപ്രായക്കാരാണ്. അങ്ങനെ വന്നാൽ ഒരിക്കലും കെപിസിസി എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിക്കാതെ ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കാം. ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല നേതൃത്വം കൈയ്യാളിയിരുന്ന കാലത്ത് ഇതായിരുന്നു രീതി. ഈ ഏർപ്പാടിനി വേണ്ടെന്നാണ് പൊതുവിൽ എടുത്തിരിക്കുന്ന സമീപനം.
പാർട്ടിയെ ഒരു തരത്തിലും ചലിപ്പിക്കാനോ, പരിപാടികൾ നടപ്പാക്കാനോ ജംബോക്കമ്മിറ്റിക്ക് കഴിയില്ലെന്നും ഭാരവാഹികൾ കൂടുതലായാൽ കെപിസിസിക്ക് ഫലപ്രദമായി ചർച്ച ചെയ്ത് തീരുമാന എടുക്കാൻ കഴിയില്ലെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിൽ 21 ജനറൽ സെക്രട്ടറിമാരാണ് കെപിസിസിക്കുള്ളത്. അവരിൽ നിന്നും പ്രവർത്തനമികവ് ഇല്ലാത്തവരെ ഒഴിവാക്കി പുതിയ ആളുകളെ ഉൾപ്പെടുത്തുക. അതിനൊപ്പം ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാരെന്ന നിലയിൽ 42 കെപിസിസി സെക്രട്ടറിമാരെ മാത്രം നിയമിക്കാം. ഇതാണ് ഉണ്ടായിരിക്കുന്ന പൊതു ധാരണ. ഇത് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുമുണ്ട്.
സംസ്ഥാനത്ത് നിന്നുള്ള ചില മുതിർന്ന നേതാക്കൾ ജംബോ കമ്മറ്റി വേണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്. ഒരു വർക്കിംഗ് കമ്മറ്റി അംഗത്തിൻ്റെ നേതൃത്വത്തിലാണ് ഈ വാദം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു പരത്തുന്നത്. അങ്ങനെ കമ്മിറ്റി രൂപീകരിക്കപ്പെട്ടാൽ പിസിസി യോഗത്തിൽ അഭിപ്രായം പറയാൻ പോലും കഴിയില്ല. നേതാക്കൾ നോമിനേറ്റ് ചെയ്യുന്ന പലരും പാർട്ടി പരിപാടികളിൽ ഇന്നുവരെ പങ്കെടുക്കാത്തവരും ഒക്കെയാവും. ഇനിയെങ്കിലും പ്രവർത്തന മികവായിരിക്കണം സ്ഥാനങ്ങൾ നല്കുന്നതിലെ മാനദണ്ഡമെന്ന് ഒട്ടുമിക്ക നേതാക്കളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴുള്ള ജംബോ കമ്മിറ്റി ഇനി വേണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാണ് ജംബോ കമ്മറ്റിയിൽ സ്വന്തം ഗ്രൂപ്പുകാർക്ക് അക്കമൊഡേഷൻ നൽകിയത്. കെപിസിസി യോഗം പോലും വേണ്ടവിധം കൂടാനും കഴിഞ്ഞിരുന്നില്ല. നേതാക്കളുടെ ശുപാർശയിൽ ഭാരവാഹിയാക്കുന്ന അക്കമൊഡേഷൻ രീതിയല്ല വേണ്ടതെന്നും പ്രവർത്തനമികവിലൂടെ വരുന്നവരെ നേതാക്കൾ കണ്ടെത്തി ശുപാർശ ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.
കെപിസിസിക്കൊപ്പം തന്നെ ഡിസിസികളെയും ചലനാത്മകം ആക്കണമെങ്കിൽ കാലോചിതമായ നേതൃത്വം വേണമെന്ന വാദമാണ് ജില്ലാതലത്തിലും ഉയരുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും ജില്ലകളിൽ പരമാവധി പ്രാധിനിധ്യം വേണമെന്ന വാദം സജീവമാണ്. പ്രവർത്തനമികവ് തീരെയില്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലെ പ്രസിഡൻ്റുമാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന അഭിപ്രായം ഗ്രൂപ്പ് ഭേദമെന്യേ ഉയരുന്നുണ്ട്. വർക്കിംഗ് കമ്മറ്റി അംഗങ്ങളായ എ കെ ആൻ്റണി, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ പകുതിയിലധികം ബൂത്തു കമ്മറ്റികൾ നിർജീവമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഡിസിസികളുടെ സ്ഥിതി ദയനീയമാണ്.
ജില്ലാക്കമ്മിറ്റികളിലെ ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ മാറ്റം സംബന്ധിച്ച് ചർച്ചകളിലൂടെയാവും തീരുമാനമെടുക്കുക. മാർച്ചിന് ശേഷം നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഭാരവാഹികൾ അടങ്ങുന്ന കെപിസിസി ചുമതലയേൽക്കുന്ന തരത്തിലാവും പുന:സംഘടന നടക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here