യോഗി പോലീസിന് വഴങ്ങില്ലെന്ന് കോൺഗ്രസ്; പാർട്ടി ഓഫീസ് വളഞ്ഞ് സായുധസേന
സംഭാലിലെ ഷാഹി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ തുടരുന്നതിന് ഇടയിൽ യുപി കോൺഗ്രസ് അധ്യക്ഷന് പോലീസിൻ്റെ നോട്ടീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംഭാൽ സന്ദർശിക്കരുതെന്നാണ് നിർദ്ദേശം. എന്നാൽ തൻ്റെ സന്ദർശനം മാറ്റിവയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു.
“പോലീസ് എനിക്കൊരു നോട്ടീസ് നൽകുകയും സന്ദർശനം മാറ്റിവയ്ക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പോലീസും സർക്കാരും നടത്തിയ അതിക്രമങ്ങളും നിലവിലെ സാഹചര്യവും മനസിലാക്കാൻ ഞങ്ങൾ സമാധാനപരമായി സംഭാൽ സന്ദർശിക്കും” – അജയ് റായ് പറഞ്ഞു.
പുറത്തുനിന്നുള്ളവർ സംഭാലിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം ഡിസംബർ 10 വരെ നീട്ടാനുള്ള ഭരണകൂടത്തിൻ്റെ തീരുമാനത്തെയും കോൺഗ്രസ് നേതാവ് വിമർശിച്ചു. കാര്യങ്ങൾ അന്വേഷിച്ചറിയാനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള കോൺഗ്രസ് ദൗത്യത്തെ തടസപ്പെടുത്താൻ യോഗി സർക്കാർ നിയന്ത്രണങ്ങൾ നീട്ടുകയാണ്. പോലീസ് അതിക്രമവും സർക്കാർ അനീതിയും അന്വേഷിക്കേണ്ടതുണ്ട്. അതിനാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടിലെന്ന് അദ്ദേഹം പറഞ്ഞു.
റായിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭാൽ സന്ദർശിക്കുന്നത്. പാർട്ടി അധ്യക്ഷനും മറ്റ് നേതാക്കളും ഇതിൻ്റെ ഭാഗമായി ഇന്നലെ മുതൽ ലക്നൗവിലെ കോൺഗ്രസ് തുടരുകയാണ്.
Also Read: ‘ഷാഹി ജുമാ മസ്ജിദിൽ തല്ക്കാലം സർവേ വേണ്ട’; തുടർ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി
അതേസമയം സംസ്ഥാനത്ത് ഒട്ടാകെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധി സംഘം സംഭാലിലേക്ക് പുറപ്പെടുന്നത് തടയാൻ പോലീസും സുരക്ഷ സേനയേയും ലഖ്‌നൗവിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ വിന്യസിച്ചിരിക്കുകയാണ്. ഓഫീസിന് പുറത്തേക്കുള്ള വാതിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിട്ടുണ്ട്. സത്യം പുറത്തുവരുമെന്ന് സർക്കാർ ഭയപ്പെടുന്നുവെന്നാണ് ഇതിനെപ്പറ്റി അജയ് റായുടെ പ്രതികരണം. ‘അവർ ഞങ്ങളെ തടയാൻ ശ്രമിക്കും, പക്ഷേ ഞങ്ങൾ പോകാൻ ശ്രമിക്കും. അവർ എത്ര പോലീസുകാരെ വിന്യസിച്ചാലും ഞങ്ങൾ സംഭാലിലേക്ക് പോകും’ - സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.
അതേസമയം താല്ക്കാലികമായി മാർച്ച് നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. വൻതോതിൽ പാർട്ടി പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെ പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. സംഭാൽ ജില്ലാക്കോടതിയുടെ നിർദേശ പ്രകാരം കഴിഞ്ഞ മാസം 24ന് നടന്ന ഷാഹി ജുമാ മസ്ജിദ് സർവേക്കിടയിൽ നടന്ന സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന അവകാശവാദവുമായി വിഷ്ണു ജെയിൻ എന്ന അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർവേക്ക് സംഭാൽ ജില്ലാ കോടതി ഉത്തരവിട്ടത്. തുടർന്ന് നവംബര്‍ 19ന് ലോക്കല്‍ പോലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ ആദ്യഘട്ട സര്‍വേ നടന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
Also Read: പളളി സർവേക്കിടയിൽ മുസ്ലിം യുവാക്കളെ വെടിവച്ചു കൊന്നതാര് !! നിഗൂഢത നിറച്ച് ഷാഹി ജുമാ മസ്ജിദ് സംഘർഷം
നവംബർ 24ന് വീണ്ടും സർവേക്കായി ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് അക്രമസംഭവങ്ങൾ നടന്നത്. തുടർന്ന് സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നതുവരെ വിചാരണക്കോടതിയിൽ നിന്ന് തുടർനടപടികൾ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here