വിശ്വപൗരന്‍ സിപിഎമ്മിനെ നോവിക്കില്ല!! ശരത് ലാലിന്റേയും കൃപേഷിൻ്റെയും അനുസ്മരണ പോസ്റ്റിലെ ‘സിപിഎം നരഭോജികള്‍’ മുക്കി ശശി തരൂര്‍

സിപിഎം സര്‍ക്കാരിനെയും വ്യവസായ നയത്തെയും പ്രശംസിച്ച് ലേഖനം എഴുതിയ ശശി തരൂര്‍ എംപി വീണ്ടും വിവാദത്തില്‍. കാസർകോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും അനുസ്മരണ പോസ്റ്റില്‍ വരുത്തിയ തിരുത്തലാണ് വീണ്ടും വിശ്വപൗരനെ വീണ്ടും വിവാദങ്ങളുടെ കേന്ദ്രമാക്കുന്നത്.
സിപിഎം നരഭോജികള്‍ എന്ന പ്രയോഗമാണ് ശശി തരൂര്‍ മാറ്റിയത്. ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ് ആദ്യ പോസ്റ്റ് വന്നത്. കെപിസിസിയുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച ‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകള്‍’ എന്ന പോസ്റ്ററാണ് ശശി തരൂര്‍ പങ്കുവച്ചത്.
പിന്നീട് ഈ പോസ്റ്റ് മുക്കി. സിപിഎമ്മിന്റെ പേര് പോലും പരാമര്‍ശിക്കാതെയാണ് പുതിയ കുറിപ്പ് ഇട്ടത്. “ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്” -ഇതാണ് പുതിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്
സിപിഎമ്മിനെ പേരിനു പോലും വിമര്‍ശിക്കാതെയുള്ള വിശ്വപൗരന്റെ നീക്കത്തിനെതിര കടുത്ത പ്രതികരണമാണ് കോണ്‍ഗ്രസ് അനുഭാവികളില്‍ നിന്നും വീണ്ടും ഉണ്ടാകുന്നത്. ശശി തരൂരിന്റെ പോസ്റ്റിന് കീഴിൽ വരുന്ന കമന്റുകളും ഈ വിധമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here