രാഷ്ട്രപതിക്ക് അയിത്തം കൽപ്പിച്ച വേദിയിൽ സിനിമാ താരങ്ങൾക്ക് ക്ഷണം; വനിതാ സംവരണത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്

ജയ്പൂര്‍: ബിജെപിക്കും കേന്ദ്ര സർക്കാറിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർലമെൻ്റ് പാസാക്കിയ വനിതാ സംവരണ ബില്ലും ഇന്ത്യയുടെ പുതിയ പാർലമെൻ്റ് ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ ക്ഷണിക്കാത്ത നടപടിയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ വിമർശനം. സിനിമാ താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച ബിജെപി വനിതയായ രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടാനുള്ള ഒരു തന്ത്രം മാത്രമാണ് ബിജെപിയുടെ വനിത സംവരണ ബില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഖാർഗെ വിമർശനം ഉന്നയിച്ചത്.ഇത് രാഷ്ട്രപതിക്ക് നേരിട്ട അപമാനമാണ്. കോൺഗ്രസിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ബിജെപി ഇത്തരത്തിൽ എല്ലാ വിഭാഗം ജനങ്ങളേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാറില്ല എന്നും ഖാർഗെ കുറ്റപ്പെടുത്തി.
പാർലമെന്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്നതും ഖാർഗെ തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കോവിന്ദിനോട് തൊട്ടുകൂടായ്മയുള്ളതിനാലാണ് പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നും ഖാർഗെ വിമർശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here