ശൈലജയുടെ ആത്മകഥ പാഠപുസ്തകമാക്കിയതിൽ വിവാദം; രാഷ്ട്രീയവത്ക്കരണമെന്ന് കോൺഗ്രസ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ ആത്മകഥ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. കണ്ണൂർ സർവകലാശാലയുടെ എം എ ഇംഗ്ലീഷ് സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പുസ്തകമാണ് തിരഞ്ഞെടുത്തത്.

സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎക്ക് പുറമേ കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തുണ്ട്. വിവാദമായതോടെ ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്ന് വിശദീകരിച്ച് അഡ്‌ഹോക് കമ്മിറ്റിയും രംഗത്തെത്തി.

ഗവർണറുടെ അനുമതിയില്ലാതെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച പഠന ബോർഡ് കോടതി റദ്ദാക്കിയതിനെ തുടർന്ന് യൂണിവേഴ്സിറ്റിയിൽ നിലവിൽ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ വി.സി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.

ഒൻപത്‌ വര്‍ഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കണ്ണൂർ സർവകലാശാലയില്‍ സിലബസ് പരിഷ്‌കരണം നടന്നത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിൽ ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, ആദിവാസി നേതാവ് സി.കെ.ജാനു എന്നിവരുടെ ആത്മകഥകൾക്കൊപ്പമാണ് മഞ്ജു സാറ രാജൻ തയ്യാറാക്കി, ജഗർനട്ട്‌ പബ്ലിക്കേഷൻ പുറത്തിറക്കിയ ആത്മകഥ ഉൾപ്പെടുത്തിയിട്ടുള്ളത്.

രണ്ടു വർഷം മുൻപ് സർവ്വകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ പി ജി മൂന്നാം സെമസ്റ്ററിൽ സവർക്കറുടെയും ഗോൽ വാൽക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് അന്നും സിലബസ് തയ്യാറാക്കിയത്. ആർ എസ്‌ എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും അവയിൽ വർഗ്ഗീയ പരാമർശമുണ്ടെന്നും ആക്ഷേപം ഉയർന്നതിനെ തുടർന്ന് പുസ്തകങ്ങൾ പിൻവലിച്ചിരുന്നു.

അതേസമയം, പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ.കെ.ശൈലജ വ്യക്തമാക്കി. പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല, ഇതിൽ യാതൊരു പങ്കും താത്പര്യവുമില്ല എന്നും ശൈലജ വ്യക്തമാക്കി. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് പി പി ഇ കിറ്റുകൾ വാങ്ങിയതിൽ വൻ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top