അന്ന് നരസിംഹ റാവുവിന് അയിത്തം, ഇന്ന് മന്‍മോഹന് മഹത്വം; കോണ്‍ഗ്രസിന്റെ അവസാന പ്രധാനമന്ത്രിക്ക് പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനം

ഇരുപത് കൊല്ലം മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന പിവി നരസിംഹ റാവുവിന്റെ മൃതദേഹത്തിന് എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം നിഷേധിച്ചവര്‍ ഇന്നിപ്പോ ഡോ മന്‍മോഹന്‍ സിംഗിന്റെ അന്ത്യയാത്രയ്ക്ക് മുമ്പായി പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനമൊരുക്കുന്നു. വ്യാഴാഴ്ച രാത്രി അന്തരിച്ച മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം ഇന്ന് രാവിലെ എട്ടിന് ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്നും 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് പൊതുദര്‍ശനം. 9.30-ന് ശേഷം നിഗം ബോധ്ഘട്ടിലേയ്ക്കുള്ള യാത്ര തുടങ്ങും. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ രാഷ്ടീയ ഗുരുവായിരുന്ന നരസിംഹറാവുവിന് പാര്‍ട്ടി ആസ്ഥാനത്ത് ആദരം അര്‍പ്പിക്കാനുള്ള അവസരം സോണിയ ഗാന്ധി നിഷേധിച്ചത് ചരിത്രവും നന്ദികേടുമാണ്.

ഇതുപോലൊരു ക്രിസ്മസ് കാലത്തായിരുന്നു 1991- 96 വരെ രാജ്യം ഭരിച്ച നരസിംഹ റാവു ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായിരുന്ന റാവു. 2004 ഡിസംബര്‍ 23ന് രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും അവരുടെ പിണിയാളുകളും മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തോട് കാട്ടിയ ക്രൂരതയും അവഗണനയും റാവുവിന്റെ ജീവചരിത്രകാരനായ വിനയ് സീതാപതി ‘ഹാഫ് ലയണ്‍- ഹൗ പി വി നരസിംഹ റാവു ട്രാന്‍സ്‌ഫോമ്ഡ് ഇന്ത്യ (Half Lion- How P V Narasimha Rao Transformed India – by Vinay Sitapathy ) എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ് ) ആശുപത്രിയില്‍ നിര്യാതനായ റാവുവിന്റെ മൃതദേഹം 9 മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ചു. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണിത്. റാവുവിന്റെ ആത്മീയഗുരുവെന്ന് വിശേഷിക്കപ്പെട്ടിരുന്ന ചന്ദ്രസ്വാമിയായിരുന്നു ആദ്യ സന്ദര്‍ശകന്‍. ആ വീട്ടില്‍ റാവുവിന്റെ എട്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായി രുന്ന ശിവരാജ് പാട്ടില്‍ വീട്ടിലെത്തി മൂത്ത മകന്‍ രംഗറാവുവിനോട് മൃതദേഹം ഹൈദരാബാദില്‍ സംസ്‌കരിക്കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു. പാട്ടീലിന്റെ നിര്‍ദ്ദേശത്തോട് രംഗറാവുവിന് യോജിപ്പില്ലായിരുന്നു. ഇവര്‍ തമ്മില്‍ വലിയ തര്‍ക്കം നടന്നു. ഇതേ ആവശ്യം ഇളയ മകന്‍ പ്രഭാകരയോടും പാട്ടീല്‍ ആവര്‍ത്തിച്ചു. മൂന്ന് പതിറ്റാണ്ടായി ഡല്‍ഹി കര്‍മ്മമണ്ഡലമാക്കി പ്രവര്‍ത്തിക്കുന്ന നരസിംഹറാവുവിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കണമെന്ന് മക്കളും കൊച്ചുമക്കളും ശഠിച്ചു. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം അത്തരമൊരു അന്ത്യയാത്ര അയപ്പ് ഡല്‍ഹിയില്‍ വേണ്ട എന്ന നിലപാടിലായിരുന്നു.

സോണിയാ ഗാന്ധിയുടെ ദൂതുമായി മന്ത്രിയായിരുന്ന ഗുലാം നബി ആസാദും ഹൈദരാബാദില്‍ സംസ്‌കാരം നടത്തണമെന്ന നിര്‍ദ്ദേശം മക്കളോട് ആവര്‍ത്തിച്ചു. അല്പം കഴിഞ്ഞപ്പോള്‍ പ്രഭാകരയ്ക്ക് ഹൈദരാബാദില്‍ നിന്ന് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ഫോണ്‍ കോള്‍ വരുന്നു. ആ സംഭാഷണം ഇങ്ങനെയായിരുന്നു. റാവുവും റെഡ്ഡിയും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. ‘ I just heard about it, Reddy said , ‘ I am near Anantapur, and I’ll be in Delhi by this evening. Take it from me, We will give him a grand funeral in Hyderabad.’ മരണ വാര്‍ത്ത കേട്ടു, ഞാനിപ്പോ അനന്തപുരിനടുത്തുണ്ട്. വൈകിട്ടത്തേക്ക് ഞാന്‍ ഡല്‍ഹിയിലെത്തും. ഞാന്‍ ഉറപ്പുതരുന്നു, അദേഹത്തിന് ഗംഭീരമായ യാത്ര അയപ്പും സംസ്‌കാരവും ഒരുക്കാമെന്ന് വൈഎസ്ആര്‍ പറയുന്നു.

വൈകിട്ട് ആറരയോടെ സോണിയാ ഗാന്ധി റാവുവിന്റെ വസതിയിലെത്തി. തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയുമെത്തി. ‘സംസ്‌കാരം എങ്ങനെ ആവണമെന്നാണ് നിങ്ങളുടെ ആഗ്രഹമെന്ന് ‘ മന്‍മോഹന്‍ സിംഗ് പ്രഭാകരയോട് ചോദിച്ചു – ഇവരെല്ലാം സംസ്‌കാരം ഹൈദരാബാദില്‍ നടത്തണമെന്ന് ശഠിക്കുന്നു, അദ്ദേഹത്തിന്റെ കര്‍മ്മ ഭുമി ഡല്‍ഹിയിലാണ് – താങ്കളുടെ മന്ത്രി സഭാംഗങ്ങളോട് ഇക്കാര്യം സമ്മതിപ്പിക്കണമെന്ന് പ്രഭാകര റാവു പ്രധാനമന്ത്രിയോട് സംശയലേശമെന്യെ പറഞ്ഞു. പ്രഭാകരയുടെ ആവശ്യത്തോട് അനുകൂലമായി സിംഗ് തല കുലുക്കി. പ്രധാനമന്ത്രിയുടെ തൊട്ടടുത്തു നിന്ന സോണിയ ഗാന്ധി പതിഞ്ഞ ശബ്ദത്തില്‍ എന്തോ പിറുപിറുത്തു.

ഇതിനിടയില്‍ മന്‍മോഹന്‍ സിംഗിന്റെ പ്രസ്‌സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ സഞ്ജയ് ബാരു മൃതദേഹം കാണാനെത്തി. ബാരുവിന്റെ പിതാവും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ബിപിആര്‍ വിത്തലും നരസിംഹറാവുവും അടുത്ത സുഹൃത്തുക്കളായിരുന്നു. സഞ്ജയ് ബാരുവിനെ കണ്ട മാത്രയില്‍ തന്നെ സോണിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ ബാരുവിന്റെ തോളില്‍ കൈയിട്ട് ഇങ്ങനെ പറഞ്ഞു – നിങ്ങള്‍ക്ക് റാവുജിയുടെ കുടുംബവുമായി നല്ല ബന്ധമുണ്ടല്ലോ, സംസ്‌കാരം ഹൈദരാബാദില്‍ നടത്തിയാ മതിയെന്ന് മക്കളെ പറഞ്ഞു സമ്മതിപ്പിക്കണം, നിങ്ങള്‍ക്ക് അതു കഴിയും എന്നൊക്കെ പട്ടേല്‍ പറഞ്ഞെങ്കിലും സഞ്ജയ് ബാരു അത്തരമൊരു മധ്യസ്ഥം വഹിക്കാന്‍ തയ്യാറായില്ലെന്ന് വിനയ് സീതാപതി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റാവുവിന്റെ മൃതദേഹത്തോട് സോണിയാ ഗാന്ധിയും അവരുടെ പിണിയാളുകളും കാട്ടിയ നെറികേടിനെക്കുറിച്ച് ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ സഞ്ജയ് ബാരുവും വിവരിച്ചിട്ടുണ്ട്.

വൈകിട്ടോടെ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി ഡല്‍ഹിയില്‍ എത്തിയതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിച്ച പോലെ നീങ്ങിത്തുടങ്ങി. ‘ റാവുജിയുടെ സംസ്‌കാരം ഹൈദരാബാദില്‍ നടത്താം. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി കൂറ്റന്‍ സ്മാരകം പണിയാമെന്നൊക്കെ കുടുംബത്തിന് വൈഎസ്ആര്‍ ഉറപ്പു നല്‍കുന്നു. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ നരസിംഹറാവുവിനോട് സോണിയ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും എങ്ങനെയാണ് പെരുമാറിയതെന്ന് നല്ല ബോധ്യമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ വൈഎസ്ആറിന്റെ വാഗ്ദാനങ്ങളില്‍ വീണില്ല. അവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാത്രിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ട് റാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു. അക്കാര്യം നടപ്പാക്കാമെന്ന് സിംഗ് ഉറപ്പു നല്‍കി. അന്ന് നടന്ന സംഭവ വികാസങ്ങളെക്കുറിച്ച് പ്രഭാകര റാവുവിനെ ഉദ്ധരിച്ചു കൊണ്ട് പുസ്തകത്തിലിങ്ങനെ എഴുതിയിട്ടുണ്ട് – ‘എന്റെ പിതാവിന്റെ സംസ്‌കാരം ഡല്‍ഹിയില്‍ നടത്തുന്നതിനോട് സോണിയാജിക്ക് താല്‍പര്യമില്ലെന്ന കാര്യം ഞങ്ങള്‍ക്കറിയാമായിരുന്നു. റാവുജിക്ക് ഒരു സ്മാരകം ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്നതിനോട് സോണിയാജിക്ക് ഒട്ടും സമ്മതമില്ല. നരസിംഹറാവുവിന് ഒരു ദേശീയ നേതാവിന്റെ തലയെടുപ്പൊന്നും ആവശ്വമില്ലെന്ന് സോണിയാജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു ‘

നെറികെട്ട കളികളെല്ലാം പിറ്റേന്നാണ് നടന്നത്.രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രിയോട് സോണിയാ ഗാന്ധി കലിപ്പ് തീര്‍ത്തത് രാജ്യം നേരില്‍ കണ്ടു. അതിക്രൂരമായ പക വീട്ടല്‍ എന്ന് പറയാം.

പിറ്റേന്ന് രാവിലെ അതായത് 2004 ഡിസംബര്‍ 24 ന് പത്തു മണിയോടെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ നരസിംഹറാവുവിന് അന്ത്യാഭിവാദനങ്ങള്‍ അര്‍പ്പിച്ചു.കൃത്യം 11 മണിക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആര്‍മിഗണ്‍ കാരിയേജ് മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍ നിന്ന് പാലം എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. മുന്‍ നിശ്ചയ പ്രകാരം കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡിന് മുന്നിലൂടെയാണ് റാവുവിന്റെ അന്ത്യയാത്ര കടന്നു പോകുന്നത്. പാര്‍ട്ടി ആസ്ഥാനത്തിന് തൊട്ടടുത്താണ് സോണിയ ഗാന്ധി താമസിക്കുന്ന നമ്പര്‍ 10 ജന്‍പഥ് – എഐസിസി ആസ്ഥാനത്തിന്റെ പ്രവേശന ഗേറ്റ് അടഞ്ഞുകിടന്നു. ആളും ആരവവും ഒന്നും കണ്ടില്ല.മരിച്ച നേതാവിനോട് ആദര സൂചകമായി മുദ്രാവാക്യം വിളിക്കുന്ന അണികളേയും അവിടെ കണ്ടില്ല. ഗണ്‍ കാര്യേജ് മെല്ലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലെത്തിയെങ്കിലും മുട്ടന്‍ താഴിട്ട് ഗേറ്റ് പൂട്ടിയതിനാല്‍ അകത്ത് കേറാന്‍ കഴിഞ്ഞില്ല. കുറച്ച് നേതാക്കന്മാര്‍ നിര്‍വികാരരായി ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ദോഷം പറയരുതല്ലോ സോണിയാ ഗാന്ധിയും കുറെ നേതാക്കളും ആദരസൂചകമായി അടഞ്ഞുകിടന്ന ഗേറ്റിന് മുന്നില്‍ നില്‍പുണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് മുന്‍ പ്രധാനമന്ത്രിയോ പാര്‍ട്ടി അധ്യക്ഷനോ അന്തരിക്കുമ്പോള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് സാധാരണ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചരമര്‍പ്പിക്കുന്നതിന് അവസരം ഒരുക്കുമായിരുന്നു. റാവുവിന്റെ കുടുംബാംഗങ്ങള്‍ തങ്ങളുടെ പിതാവിന് ഈ ആദരവ് കിട്ടുമെന്ന് ആഗ്രഹിച്ചിരുന്നു. അത് സംഭവിച്ചില്ല. പാര്‍ട്ടി മുന്‍ പ്രസിഡന്റിന്റെ മൃതദേഹം ആസ്ഥാന മന്ദിരത്തിലേക്ക് കയറ്റാതിരിക്കാന്‍ പ്രവേശന കവാടം പൂട്ടിയിട്ട നികൃഷ്ടമായ കാഴ്ചയും ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് കാണേണ്ടി വന്നു. പാര്‍ട്ടി പ്രസിഡന്റോ പ്രധാനമന്ത്രിയോ ഒന്നുമല്ലാതിരുന്ന മാധവറാവു സിന്ധ്യയുടെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് കൊണ്ടുവന്നതായി റാവുവിന്റെ ജീവചരിത്രകാരന്‍ വിനയ് സീതാപതി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ നേതാവും, വഴികാട്ടിയും രക്ഷകനുമായിരുന്ന നരസിംഹറാവുവിനോട് കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ നന്ദികേടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതീവ ദു:ഖിതനായിരുന്നു. പക്ഷേ, അദ്ദേഹം ഈ അവഗണനക്ക് മുന്നില്‍ നിസ്സഹായനായി നോക്കി നിന്നു. ഹൈദരാബാദില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷയായ സോണിയ ഗാന്ധി പങ്കെടുത്തില്ല. മന്‍മോഹന്‍ സിംഗും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഹൈദ്രബാദിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഹൈദ്രബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിനരികെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മൂത്ത മകന്‍ രംഗറാവു ചിതയ്ക്ക് തീ കൊളുത്തി. നേതാക്കളും അണികളും പിരിഞ്ഞു പോയി. അപ്പോഴും ചിത കത്തുന്നുണ്ടായിരുന്നു. അന്ന് രാത്രിയോടെ ടെലിവിഷന്‍ ചാനലില്‍ അതി ദയനീയമായ ചില ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. റാവുവിന്റെ പാതി വെന്ത മൃതദേഹ അവശിഷ്ടങ്ങള്‍ തെരുവ് നായ്ക്കള്‍ വലിച്ചുകൊണ്ടു പോകുന്ന ഭീകര ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിച്ചെന്ന് വിനയ് സീതാപതി എഴുതിയിട്ടുണ്ട്.

നരസിംഹ റാവു മരിച്ചിട്ട് 20വര്‍ഷം തികഞ്ഞു.കോണ്‍ഗ്രസ് നേതൃത്വം കുടുംബാംഗങ്ങളോട് വാഗ്ദാനം ചെയ്ത പോലെ അദ്ദേഹത്തിന്റെ പേരില്‍ ഹൈദരാബാദിലോ ഡല്‍ഹിയിലോ സ്മാരകങ്ങള്‍ ഉയര്‍ന്നില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ പാര്‍ട്ടി ഒന്നും ചെയ്തില്ല. അദ്ദേഹത്തിന്റെ ജനന- മരണ ദിനങ്ങള്‍ പാര്‍ട്ടി ആചരിക്കാറില്ല. മറവിയുടെ പടുകൂഴിയിലേക്ക് ആ മഹാനായ കോണ്‍ഗ്രസുകാരനെ സോണിയ ഗാന്ധിയും കൂട്ടരും മറവ് ചെയ്തു. ഈ വര്‍ഷം മോദി സര്‍ക്കാര്‍ നരസിംഹറാവുവിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കി ആദരിച്ചു. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബിജെപി ഏറ്റെടുത്തതുപോലെ ഭാവിയില്‍ നരസിംഹറാവുവിനേയും ബിജെപി ഏറ്റെടുത്തേ ക്കാനിടയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top