“രാഷ്ട്രപതി തൊട്ടിരുന്നെങ്കിൽ അവർ ഗംഗാജലം കൊണ്ട് കഴുകിയേനേ”; സംവരണ വിഷയത്തിൽ ആർഎസ്എസിനെയും മോദിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: ആർഎസ്എസിൻ്റെയും കേന്ദ്ര സർക്കാറിൻ്റെയും സ്ത്രീ-സംവരണ വിരുദ്ധ നിലപാടുകൾ വീണ്ടും ചൂണ്ടിക്കാട്ടി കോൺഗ്രസ്. 2029ന് മുമ്പ് വനിതാ സംവരണം നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പിനായി ബിജെപി സ്ത്രീകളെ ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ. മഹാത്മാ ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആർഎസ്എസ് നേതാക്കൾ ആരെങ്കിലും ലിംഗ സമത്വത്തെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു.

സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത് 1925ലാണ്. കഴിഞ്ഞ 100 വർഷത്തിനിടെ ആർഎസ്എസ് നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തിൽ സ്ത്രീകൾക്ക് സ്ഥാനം നൽകാത്തവർക്ക് എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കാൻ കഴിയുന്നതെന്നും മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കർ, ആദ്യ വനിതാ കാബിനറ്റ് മന്ത്രി, ആദ്യ വനിതാ മുഖ്യമന്ത്രി, ആദ്യ വനിതാ ഗവർണർ, ആദ്യ വനിതാ രാഷ്ട്രപതി എന്നിവർ കോൺഗ്രസിന്‍റെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന് കാരണം അവർ പട്ടികവർഗ വിഭാഗത്തിൽ നിന്നായതുകൊണ്ടാണ്. ദ്രൗപതി മുർമു തൊട്ടിരുന്നെങ്കിൽ അവർ കല്ല് ഗംഗാജലം കൊണ്ട് കഴുകുമായിരുന്നു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെ തൊട്ടുകൂടാത്തവരായാണ് ബിജെപി പരിഗണിക്കുന്നതെന്നും ഖാർഗെ കുറ്റപെടുത്തി.

ലിംഗ സമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേതാവായി മോദിയെ ഉയർത്തിക്കാട്ടാൻ ബിജെപി വനിതാ സംവരണ ബിൽ കൊണ്ടുവരുമ്പോൾ രാജ്യത്തെ സ്ത്രീകൾ നേരിട്ട ക്രൂരമായ പല സംഭവങ്ങളിലും പ്രധാനമന്ത്രി മൗനത്തിലാണ്. ബിജെപിയുടെ പാർലമെന്റംഗം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തിലും ഉന്നാവോ, ഹത്രാസ് എന്നിവിടങ്ങളിലെ ബലാത്സംഗ-കൊലപാതക കേസുകളിലുമുള്ള പ്രധാനമന്ത്രിയുടെ മൗനത്തെ ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ്റെ വിമർശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top