പ്രതിഷേധം കടുപ്പിച്ച് KSU; കേരള വർമ്മ വിഷയം കോൺഗ്രസ് ഏറ്റെടുക്കുന്നു

തൃശൂർ: കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ചർച്ചയാക്കാൻ കെഎസ് യു നേതാക്കൾക്ക് കർശന നിർദേശം നൽകി കോൺഗ്രസ് നേതൃത്വം. ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നതിനോടൊപ്പം പ്രതിഷേധ സമരങ്ങൾ ശക്തമാക്കാനാണ് കെഎസ് യുവിന് ലഭിച്ച നിർദേശം. ഇതിൻ്റെ ഭാഗമായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ തൃശൂർ കോർപ്പറേഷൻ പരിസരത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ കെഎസ് യുവിന് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പും കളപ്പണ ഇടപാടുകളും വേണ്ട പോലെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കേരള വർമ്മയിലെ തിരഞ്ഞെടുപ്പുമായി ഉയരുന്ന അട്ടിമറി ആരോപണത്തിൻ്റെ കുന്തമുന സിപിഎം നേതാക്കൾക്കും നേരെ നീട്ടാനാണ് കോൺഗ്രസ് നീക്കം.

തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് സിപിഎം ഉന്നത നേതാക്കൾക്ക് ബന്ധമുണ്ടെന്നാണ് കെഎസ് യു നേതാക്കൾ ഉയർത്തുന്ന ആരോപണം. പ്രധാനമായും അവർ പ്രതിക്കൂട്ടിൽ നിർത്തുന്നത് രണ്ട് പേരെയാണ്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.കെ. സുദർശനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒത്താശ ചെയ്തെന്നാണ് ആരോപണം. കേരള വർമ്മ കോളേജിലെ മുൻ അധ്യാപികയും പ്രിൻസിപ്പൽ ഇൻചാർജുമായിരുന്നു മന്ത്രി ബിന്ദു. തൻ്റെ നിർദേശപ്രകാരം റീ കൗണ്ടിംഗ് നിർത്തിവച്ചിരുന്നതാണ്. എന്നാൽ എം.കെ. സുദർശൻ തന്നെ വിളിച്ച് വോട്ടെണ്ണൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് പി.ടി. ശോഭ ഇന്ന് സ്ഥിരീകരിച്ചിരുന്നു. മാനേജർ പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ കഴിയില്ല എന്ന വാദമാണ് പ്രിൻസിപ്പൽ ഉയർത്തിയത്.

റീ കൗണ്ടിംഗ് തുടരാൻ താൻ നിർദേശം നൽകിയിരുന്നതായി സുദർശനും സമ്മതിച്ചിട്ടുണ്ട്. നിയമപരമായി കൗണ്ടിംഗ് തുടരാനാണ് താൻ നിർദേശിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സംഭവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെപ്പറ്റി തനിക്കൊന്നുമറിയില്ല എന്നാണ് മന്ത്രി ബിന്ദുവിൻ്റെ പ്രതികരണം. കാലിക്കറ്റ് സർവകലാശാല കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും പരിശോധിച്ച് മറുപടി പറയാമെന്നുമാണ് മന്ത്രി പറയുന്നത്. പ്രിൻസിപ്പലിൻ്റെയും ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും സ്ഥിരീകരണത്തിനൊപ്പം എസ്എഫ്ഐ നേതൃത്വത്തിൻ്റെ മൗനവും വരും ദിവസങ്ങളിൽ ആയുധമാക്കാനാണ് കോൺഗ്രസ് നേതൃത്വം കെഎസ് യുവിനോട് ആവശ്യപെട്ടിരിക്കുന്നത്.

1982 ലാണ് കെഎസ് യുവിന് കേരള വർമ്മ കോളേജിൽ അവസാനമായി ഒരു ചെയർപേഴ്സൺ ഉണ്ടാകുന്നത്. ഈനാശു എന്ന വിദ്യാർത്ഥി നേതാവാണ് അന്ന് വിജയിച്ചത്. അതിന് ശേഷം ഒരു ജനറൽ സീറ്റ് പോലും വിജയിക്കാൻ ഇതുവരെ കെഎസ് യുവിന് കഴിഞ്ഞിട്ടില്ല. നാല് പതിറ്റാണ്ടുകൾക്ക് ശേഷം പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയായ ശ്രീക്കുട്ടനിലൂടെ ചെയർമാൻ സ്ഥാനം തിരിച്ച് പിടിച്ചു എന്ന വാർത്ത ഇന്നലെ വൈകിട്ട് 6 മണിയോടെ പുറത്ത് വന്നിരുന്നു. 896 വോട്ടുകൾ നേടിയ ശ്രീക്കുട്ടൻ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നായിരുന്നു ആദ്യ തവണ വോട്ടെണ്ണിയപ്പോൾ പുറത്ത് വന്ന ഫലം. കേരള വർമ്മയിലെ എസ്എഫ്ഐയുടെ സമഗ്രാധിപത്യം അവസാനിപ്പിച്ച ചരിത്ര വിജയത്തെ കെഎസ് യു പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. എസ്എഫ്ഐക്കാർ റീ കൗണ്ടിംഗ് നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. തുടർന്ന് നടന്ന വോട്ടെണ്ണലിൽ എസ്എഫ്ഐ സ്ഥാനാനാർത്ഥി അനിരുദ്ധൻ 11 വോട്ടുകൾക്ക് ജയിച്ചതായി പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു.

റീ കൗണ്ടിംഗിൽ ഇടതുപക്ഷ അനുകൂലികളായ അധ്യാപകരും എസ്എഫ്ഐ നേതൃത്വവും ചേർന്ന് തിരിമറി നടത്തിയെന്ന് ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനും കെഎസ് യു നേതാക്കളും ആരോപിക്കുന്നു. കെഎസ് യുവിൻ്റെ വിജയത്തെ അട്ടിമറിക്കാൻ സിപിഎം ഉന്നതർ ഇടപെട്ടു. തൊടുന്യായങ്ങൾ പറഞ്ഞ് കെഎസ് യുവിന് ലഭിച്ച വോട്ടുകൾ അസാധുവാക്കി. ഇതേ കാരണങ്ങൾ എസ്എഫ്ഐക്ക് ലഭിച്ച വോട്ടുകൾക്ക് ചൂണ്ടിക്കാണിച്ചപ്പോൾ നടപടിയുണ്ടായില്ല. അവയ്ക്ക് സാധുത നൽകി. വീണ്ടും വോട്ടെണ്ണിയപ്പോൾ പല തവണ വൈദ്യുതി വിച്ഛേദിച്ച് ബാലറ്റ് പേപ്പറുകളിൽ അടക്കം കൃത്രിമം കാട്ടി എന്ന് കെഎസ് യു നേതാക്കൾ ആരോപിക്കുന്നു.

കെഎസ് യു നേതാക്കളുടെ ആരോപണം അധികം വൈകാതെ തന്നെ പാർട്ടി നേതൃത്വം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഇരുട്ടിൻ്റെ മറവിൽ എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. എസ്എഫ്ഐ ക്രിമിനലുകളും രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരുമാണ് ജനാധിപത്യ വിജയത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ് യുവിൻ്റെ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും വിദ്യാർത്ഥി സംഘടനയെ അറിയിച്ചിട്ടുണ്ട്. പകല്‍ സമയത്ത് റീ കൗണ്ടിംഗ് വേണമെന്ന കെഎസ് യുവിൻ്റെ ആവശ്യത്തെ ഏകപക്ഷീയമായിട്ടാണ് റീട്ടേണിംഗ് ഓഫിസര്‍ നിരാകരിച്ചത്. ഇത് സിപിഎമ്മിന്റെ നിർദേശ പ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു. ശ്രീക്കുട്ടൻ്റെ വിജയം അട്ടിമറിച്ച എസ്എഫ്ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിൻ്റെ മറവിലെ വിപ്ലവ പ്രവർത്തനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പരിഹസിച്ചു. ഉന്നതരുടെ ഒരാശയോടെ എസ്എഫ്ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും പിന്തുണ ലഭിച്ചുവെന്ന ആരോപണം ഗൗരവതരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ വിഷയം എന്നതിലുപരിയായി സംഭവത്തെ രാഷ്ട്രീയമായി നേരിട്ട് പൊതുസമൂഹത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസിൻ്റെ നീക്കമെന്ന് നേതാക്കളുടെ പ്രസ്താവനകൾ അടിവരയിടുന്നു. അതുകൊണ്ട് തന്നെ എസ്എഫ്ഐയേയും സിപിഎമ്മിനെയും ഒരു പോലെ തന്നെ പ്രതിക്കൂട്ടിൽ നിർത്താനാണ് കോൺഗ്രസ് ശ്രമം. ഈ നിർദേശം തന്നെയാണ് പാർട്ടി നേതൃത്വം വിദ്യാർത്ഥി സംഘടനാ നേതൃത്വത്തിന് നൽകിയിട്ടുള്ളതും.

വിഷയം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും വ്യാപകമായ ചർച്ചക്ക് വഴി തുറന്നിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിക്കാൻ എസ്എഫ്ഐ സംസ്ഥാന -ജില്ലാ നേതൃത്വമോ, യൂണിറ്റ് നേതൃത്വമോ സിപിഎമ്മോ ഇതുവരെ തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top