തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍പ്ലാന്‍; മുൻ എംഎൽഎമാരെ വരെ ഇറക്കും; ജനങ്ങളെ തിരിഞ്ഞു നോക്കാത്തവര്‍ വേണ്ട

നിയമസഭാ സീറ്റ് മാത്രം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ ആരും പ്രവര്‍ത്തിക്കേണ്ടോ!! തിരുവനന്തപുരത്തെ മുതിര്‍ന്ന നേതാക്കള്‍ക്കും മുന്‍ എംഎല്‍എമാര്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കിയ താക്കീതാണിത്. സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ച ഒന്നു കൊണ്ട് മാത്രമാണ് തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ എണ്ണം ഒറ്റ സംഖ്യയില്‍ ഒതുങ്ങിയതെന്ന തിരിച്ചറിവിലാണ് ഈ നിര്‍ദേശം.
മുതിര്‍ന്ന നേതാക്കളെയടക്കം മത്സരിപ്പിച്ച് കോര്‍പ്പറേഷനില്‍ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ എംഎല്‍എമാര്‍ അടക്കം വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളായി എത്തും. വാര്‍ഡുകളിലെ വോട്ടുകള്‍ അനുകൂലമായാല്‍ മാത്രമേ നിയമസഭയിലേക്ക് വിജയവും അനായാസമാകൂ എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
മത്സരിച്ച് ജയിച്ചാലും തോറ്റാലും പിന്നീട് വാര്‍ഡുകളിലേക്ക് തിരിഞ്ഞ് നോക്കാത്തവരെ സ്ഥാനാര്‍ത്ഥികളായി വേണ്ടെന്നാണ് കെസി വേണുഗോപാല്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് നല്‍കിയ നിര്‍ദേശം. തമ്മിലടിക്കാതെ ഒരുമിച്ച് ഇരുന്ന് ചര്‍ച്ചകള്‍ നടത്തണം. ഇതിന് തയാറാകാത്തവര്‍ പാര്‍ട്ടിക്ക് ബാധ്യതയാണ്. ഇവരെ ഒഴിവാക്കി മുന്നോട്ട് പോകാനാണ് തീരുമാനം.
തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് ഒരുകാലത്ത് ശക്തമായിരുന്നു. എന്നാല്‍ ഇന്ന് 8 കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിൻ്റെ പല വാര്‍ഡുകളും ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. ഡിസിസി നേതൃത്വം അടക്കം പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ച തന്നെയാണ് ഈ നാണംകെട്ട നിലയില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്. പ്രാദേശികതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമമുണ്ടായില്ല. അതിന്റെ ഫലമാണ് ശക്തികേന്ദ്രങ്ങളായി കരുതിയ നിയമസഭാ മണ്ഡലങ്ങളില്‍ പോലും തോറ്റത്.
തലസ്ഥാന ജില്ലയിലെ 14 നിയസഭാ മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് എംഎല്‍എ ഉള്ളത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. വോട്ടില്ലാത്തതു കൊണ്ടല്ല കോണ്‍ഗ്രസ് നിയമസഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോല്‍ക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിച്ച്, പണിയെടുക്കുന്ന നേതാക്കള്‍ കൂടി എത്തിയാല്‍ തിരിച്ചടി മറികടന്ന് കോണ്‍ഗ്രസിന് മുന്നേറാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here