മഹാരാഷ്ട്രയിൽ കച്ചമുറുക്കി ഇൻഡ്യ സഖ്യം; കോൺഗ്രസ്- എൻസിപി-ശിവസേന സീറ്റ് വിഭജനം പൂർത്തിയായി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാഡി സഖ്യത്തിലെ (ഇൻഡ്യ സഖ്യം) സീറ്റ് വിഭജനം പൂർത്തിയായതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും(ശരദ് പവാർ വിഭാഗം) ധാരണയിലായത്. 65 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയും ഇന്ന് വൈകുന്നേരം ശിവസേന പുറത്തുവിട്ടു.

ശിവസേന, കോൺഗ്രസ്, എന്‍സിപി എന്നീ വലിയ പാര്‍ട്ടികള്‍ ആകെ 255 സീറ്റുകളിൽ മത്സരിക്കും. 85 വീതം സീറ്റുകളിലാണ് ഓരോ പാർട്ടിയും മത്സരിക്കുന്നതെന്ന് ശിവസേന അറിയിച്ചു. 288 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. 33 സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകാനുമാണ് ധാരണയായത്.

സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എൻഡിഎ ഘടകക്ഷിയായ ശിവസേനയും (എകനാഥ് ഷിൻഡേ വിഭാഗം) പ്രഖ്യാപിച്ചു. 45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ മത്സരിക്കും. മഹാരാഷ്ട്ര നവനിർമ്മാണ സേനയും 45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാണ സേന ഒറ്റയ്ക്കാണ് ജനവിധി തേടുന്നത്.

നവംബർ 20ന് ഒറ്റഘട്ടമായിട്ടാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ. 9.36 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 4.97 കോടി പുരുഷൻമാരും 4.66 കോടി സ്ത്രീകളുമാണ്. 1.85 കോടി യുവാക്കൾക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. ഇവരിൽ 20.93 ലക്ഷം പേർ കന്നിവോട്ടർമാരാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top