ഭീകരജീവിയെന്ന് കെപിസിസി പ്രസിഡന്റ്; പൂരം കലക്കി വിജയനെന്ന് സതീശന്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. അന്‍വര്‍ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ മാത്രം കേന്ദ്രീകരിച്ചാണ്. തൃശൂര്‍ പൂരം കലക്കിയതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസാണ് നിയന്ത്രിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
സ്വര്‍ണ്ണ കടത്തുകാരും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമാണ് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ ഇരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് സതീശന്റെ വിമര്‍ശനം. ഈ സംഘം ഇനിയും അവിടെ തുടര്‍ന്നാല്‍ സെക്രട്ടറിയേറ്റിന് ടയര്‍ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത് പൂരം കലക്കി വിജയന്‍ എന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടി അടക്കം ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി ഭീകരജീവിയാണെന്ന വിമര്‍ശനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉന്നയിച്ചത്. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ മുഖ്യമന്ത്രിക്കൊത്ത പൊലീസുകാരാണ് കേരളത്തിലുളളത്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആരോപണവും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ സിപിഎമ്മും ബിജെപിയും ഇപ്പോഴും മൗനം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here