തരൂരിനെ സ്വതന്ത്രനായി വിലസാൻ ഇനി വിടണോയെന്ന് പാർട്ടി തീരുമാനിച്ചേക്കും; നേതൃത്വത്തിൻ്റെ അവഗണന ശശിയെ മുറിവേൽപിച്ചെന്ന് അനുകൂലികൾ

കോൺഗ്രസിൻ്റെ പരമോന്നത സമിതി അംഗമായിട്ടും ദേശീയ- സംസ്ഥാന തലങ്ങളിൽ വേണ്ടത്ര പരിഗണന കിട്ടാത്തതിലെ നിരാശയാണ് ശശി തരൂരിൻ്റെ പുതിയ പ്രകോപനത്തിന് കാരണമെന്ന് വിലയിരുത്തൽ. മാധ്യമങ്ങളുടെ തലക്കെട്ട് പിടിക്കാനുള്ള ഗിമ്മിക്കുകൾ നന്നായി പ്രയോഗിക്കാൻ സിദ്ധിയുള്ള തരൂർ സമയാസമയങ്ങളിൽ അത് പ്രയോഗിക്കുന്നതിൽ വിരുതനുമാണ്. പ്രവർത്തകസമിതി അംഗമായിട്ടും സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നതിലെ നിരാശയാണ്, സർക്കാരിനെ പുകഴ്ത്തി, കെപിസിസിക്കൊരു പണി കൊടുക്കാൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് കരുതുന്നത്. കോൺഗ്രസിൻ്റെ അഖിലേന്ത്യാ സമിതിയംഗമെന്ന നിലയിൽ കെപിസിസി ആസ്ഥാനത്തൊരു മുറിയനുവദിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും നടക്കാത്തതിലും തരൂർ നേതൃത്വത്തോട് കട്ടക്കലിപ്പിലാണ്.
കടുത്ത കമ്യൂണിസ്റ്റുകാർ പോലും പിണറായി സർക്കാരിനെ പിന്തുണയ്ക്കാൻ മടിച്ചു നിൽക്കുമ്പോൾ ശശി തരൂർ സുഖിപ്പിക്കൽ ലേപനവുമായി രംഗത്ത് വന്നത് പാർട്ടിയോടുള്ള നന്ദികേടായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ വിലയിരുത്തുന്നത്. പ്രവർത്തകർ ചോരയും നീരും നല്കി പ്രവർത്തിച്ചതിൻ്റെ ഫലമായിട്ടാണ് എംപി സ്ഥാനമെന്ന കാര്യം അദ്ദേഹം മറക്കുന്നുവെന്നാണ് സോഷ്യൽ മീഡിയായിൽ കോൺഗ്രസ് അണികൾ തന്നെ തുറന്നെഴുതുന്നത്. നാടിനും പാർട്ടിക്കാർക്കും ഒരു പ്രയോജനവുമില്ലാത്ത തരൂരിനെ ഇനിയും ചുമക്കണോ എന്നും പരസ്യമായി ചോദിക്കുന്ന കോൺഗ്രസുകാരുണ്ട്. അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളാരും തരൂരിനെ പിന്തുണച്ചു വരാത്തത് ആശ്വാസമായിട്ടാണ് നേതൃത്വം കാണുന്നത്. തരൂരിൻ്റെ വിശ്വപൗര ഇമേജ് കൊണ്ട് തിരുവനന്തപുരം മണ്ഡലത്തിനോ കോൺഗ്രസിനോ കാലണയുടെ പോലും ഗുണം ഉണ്ടായില്ലെന്നും അവർ തുറന്നടിക്കുന്നുണ്ട്.
പാർട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണ് ശശി തരൂരിൻ്റെ ശ്രമമെന്നാണ് പാർട്ടിക്കുള്ളിൽ സംസാരം. തരൂരിന്റെ ഇടതു പ്രേമത്തെ ആശങ്കയോടെ നോക്കിക്കാണുന്നവരും ഉണ്ട്. പ്രശ്നം വഷളാക്കാതെ പറഞ്ഞു തീർക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. മണ്ഡലത്തിലും പാർട്ടിയിലും ശശി തരൂർ സജീവമാകുന്നില്ലെന്ന പരാതിയും ഉയരുന്നു. ശശി തരൂരിനെ പരസ്യമായി തള്ളി കെ സി വേണുഗോപാൽ ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയത്തിൽ ഹൈക്കമാൻഡിൻ്റെ ഇടപെടലും ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാരിനെതിരെ നാളിതുവരെ കാര്യമായ വിമർശനമൊന്നും തരൂർ ഉയർത്തിയിട്ടില്ലെന്നും കെപിസിസി നേതൃത്വം അമർഷത്തോടെയാണ് കാണുന്നുണ്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൻ്റെ പേരിൽ തരൂരിനെതിരെ മുതിർന്ന നേതാക്കൾ ഒരുമിച്ച് വിമർശനം ഉയർത്തിയതും ശ്രദ്ധേയമാണ്.
ഇംഗ്ലീഷിലെഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണ് എന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്ക് എത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു. ഇത് കമ്മ്യൂണിസ്റ്റുകൾ കാര്യം മനസിലാക്കി പഴയ നിലപാടിൽ നിന്ന് മാറാൻ തയ്യാറായത് കൊണ്ടാണ് എന്നൊരു കുത്തും ലേഖനത്തിൻ്റെ അവസാന ഭാഗത്ത് ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തെ അടിക്കാൻ വടികിട്ടിയ സന്തോഷത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ അതെല്ലാം അവഗണിച്ച് തരൂരിന് പ്രശംസയുമായി രംഗത്ത് എത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here