ജോയിയുടെ അമ്മയുടെ ചികിത്സ ഏറ്റെടുത്ത് കോണ്‍ഗ്ര്‌സ്; 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിഡി സതീശന്‍

ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ അമ്മയുടെ ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാരായമുട്ടത്തെ വീട്ടിലെത്തിയാണ് അമ്മ മെല്‍ഹിയെ ഇക്കാര്യം അറിയിച്ചത്. ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ വിധി അനുസരിച്ചുള്ള തുക കൂടി ജോയിയുടെ കുടുംബത്തിന് നല്‍കണം. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. നഷ്ടപരിഹാരം നല്‍കാന്‍ എംപി മുഖേന റെയില്‍വെയോടും ആവശ്യപ്പെടുമെന്നും സതീശന്‍ അറിയിച്ചു.

ജോയിയുടെ അമ്മക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണം. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതു ലഭിച്ചാല്‍ മാത്രമെ ആ കുടുംബത്തിന് ജീവിച്ച് പോകാനാകൂ. എല്ലാവരും ചേര്‍ന്ന് ആ കുടുംബത്തെ സഹായിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ജോയിയെ കാണാതായത്. മൂന്ന് ദിവസം നീണ്ട തിരച്ചലിനൊടുവില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top