ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകുമോ ? കെപിസിസി അച്ചടക്ക സമിതി ഇന്ന്, സ്വാഗതം ചെയ്ത് നീട്ടിയെറിഞ്ഞ് സിപിഎം
തിരുവനന്തപുരം : കോണ്‍ഗ്രസ് നിര്‍ദ്ദേശം ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ല. ഷൗക്കത്തിന്റെ വിശദീകരണം പരിശോധിക്കാന്‍ കെപിസിസി അച്ചടക്ക സമിതിയോഗം ഇന്ന് ചേരുന്നുണ്ട്. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരിലാണ് നിലമ്പൂരില്‍ റാലി സംഘടിപ്പിച്ചത്. ഇത് ഗ്രൂപ്പ് പ്രവര്‍ത്തനമായി കണക്കാക്കി റാലി നടത്തരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. റാലിക്ക് മുമ്പ് രേഖാമൂലം തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് റാലി നടത്തിയത്. ഇതിനുശേഷവും വിശദീകരണം ആവശ്യപ്പെട്ട് ഒരു നോട്ടീസ് കൂടി ഷൗക്കത്തിന് നല്‍കിയിരുന്നു. ഇതനുസരിച്ച് നല്‍കിയ വിശദീകരണം അടക്കം പരിശോധിക്കാനാണ് അച്ചടക്ക സമിതി ചേരുന്നത്.
കടുത്ത നടപടിയുണ്ടാകില്ല
പലസ്തീന്‍ അനുകൂല റാലി നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുണ്ടാകാന്‍ സാധ്യതയില്ല. ഈ വിഷയത്തില്‍ ഒരു അച്ചടക്ക നടപടിയുണ്ടായാല്‍ സിപിഎം അടക്കം ആയുധമാക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വത്തില്‍ ഇത്തരമൊരു ധാരണയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്തില്‍ നിന്നും ഖേദം പ്രകടിപ്പിച്ച് കത്ത് വാങ്ങി വിവാദം അവസാനിപ്പിക്കാനാണ് ആലോചന നടക്കുന്നത്. ഖേദം പ്രകടിപ്പിച്ച് കത്ത് നല്‍കാന്‍ ഷൗക്കത്തും തീരുമാനിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച റാലിയില്‍ നിന്നും പിന്‍മാറാന്‍ കഴിയാത്ത സാഹചര്യവും വ്യക്തമാക്കും. അത്തരമൊരു പിന്‍മാറ്റം പാര്‍ട്ടിക്ക് തന്നെ നാണക്കേടാകുമെന്നാണ് ഷൗക്കത്തിന്റെ നിലപാട്. അക്കാര്യവും അച്ചടക്ക സമിതിക്ക് മുന്നില്‍ വിശദീകരിക്കാനാണ് ഷൗക്കത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷൗക്കത്തിനെ പോലൊരു നേതാവിനെതിരായ നടപടി ദോഷം ചെയ്യുമെന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആദ്യ ആവേശമെല്ലാം ഷൗക്കത്തിനെതിരായ നടപടിയില്‍ തണുത്തിരിക്കുന്നത്.
നീട്ടിയെറിഞ്ഞ് സിപിഎം
ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് വിശദീകരണം തേടിയപ്പോള്‍ തന്നെ സിപിഎം അവസരം മനസിലാക്കിയാണ് നിലപാടെടുത്തത്. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ സംരക്ഷിക്കുമെന്ന സിപിഎം നിലപാട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ളതാണ്. പലസ്തീന്‍ വിഷയത്തില്‍ ശശിതരൂരിന്റെ പ്രസംഗത്തിനൊപ്പം ഷൗക്കത്തിനെതിരെ നടപടി കൂടിയുണ്ടായാല്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ഈ വിഷയമുയര്‍ത്തി അനായാസം കടന്നു കയറാം എന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് അച്ചടക്ക സമിതി ചേരുന്ന ദിവസം തന്നെ സിപിഎം മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍ തന്നെ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയായ പൊന്നാനിയും, മലപ്പുറവും പിടക്കാനുള്ള നീക്കങ്ങളും ഇതിനു പിന്നിലുണ്ട്. ഈ മണ്ഡലങ്ങളിലേക്ക് പൊതുസ്വതന്ത്രനെയടക്കം മത്സരിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. അച്ചടക്ക നടപടിയുടെ പേരില്‍ ഷൗക്കത്ത് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ മത്സരിപ്പിക്കാമെന്ന ആഗ്രഹവും സിപിഎമ്മിനുണ്ട്. അതെല്ലാം മുന്നില്‍ കണ്ട് തന്നെയാണ് സിപിഎം നീക്കങ്ങള്‍ നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here