‘ചാക്കിട്ടു പിടിക്കാൻ മുഖ്യമന്ത്രി’; പ്രതിരോധിക്കാന്‍ ഡികെ; തെലങ്കാനയില്‍ നിർണായക നീക്കങ്ങളുമായി പാര്‍ട്ടികള്‍
ഹൈദ്രാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ തെലങ്കാനയിൽ നിർണായക നീക്കവുമായി കോൺഗ്രസ്. ഭൂരിപക്ഷം സർവേകളും കോൺഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന പ്രവചനം വന്നതിന് പിന്നാലെ പ്രചരണത്തിനു നേതൃത്വം നൽകിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ഹൈദരാബാദിലെത്താൻ എഐസിസി നിർദേശം നൽകി. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത കൽപിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കം.
കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ റിസോർട്ട് രാഷ്ട്രീയത്തിലേക്കും കുതിരക്കച്ചവടത്തിലേക്കും സാഹചര്യമെത്താതിരിക്കാനാണ് ഡികെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചനകൾ. ഇന്ന് വൈകീട്ട് ഹൈദരാബാദിലെത്തുന്ന ഡികെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യും. പാർട്ടി ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടാൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പുതിയ കോൺഗ്രസ് നിയമസഭാംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ തയ്യാറാണെന്ന് ഡി.കെ. ശിവകുമാർ ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന കോൺഗ്രസ് അംഗങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡികെ നിലവിൽ “ഭീഷണികളൊന്നുമില്ല” എന്നായിരുന്നു എഎൻഐയോട് പ്രതികരിച്ചത്. “ഒരു പ്രശ്‌നവുമില്ല, ഭീഷണിയുമില്ല. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാർട്ടി അനായാസം വിജയിക്കും. അവർ (ബിആർഎസ്) ഞങ്ങളെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി (കെസിആർ) സമീപിച്ചതായി ഞങ്ങളുടെ സ്ഥാനാർത്ഥികൾ അറിയിച്ചിട്ടുണ്ട് ” -ശിവകുമാർ എഎൻഐയോട് പറഞ്ഞു.
അതേസമയം; എക്‌സിറ്റ് പോളുകളെ തള്ളി ബി ആർഎസ് രംഗത്തെത്തി. സർവേ ഫലങ്ങളെ ‘വിഡ്ഢിത്തം’, ‘ചവറുകൾ’ എന്നിങ്ങനെയാണ് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു വിശേഷിപ്പിച്ചത്. എഴുപതിലധികം സീറ്റുകൾ നേടി മൂന്നാമതും ബിആർഎസ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here