കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ബിജെപി എംഎല്‍എമാര്‍; കര്‍ണാടകയില്‍ ‘ഓപ്പറേഷന്‍ ഹസ്ത’യുമായി കോണ്‍ഗ്രസ്

കർണാടകയിൽ ഓപ്പറേഷൻ ഹസ്തയിലൂടെ ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ യശ്വന്ത്പൂരിലെ എംഎൽഎ എസ്.ടി.സോമശേഖര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.

അടുത്തിടെയായി കോണ്‍ഗ്രസ് നേതാക്കളുമായി പതിവായി കൂടിക്കാഴ്ച നടത്തുന്ന സോമശേഖര്‍, കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ തന്റെ രാഷ്ട്രീയ ഗുരുവായും വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല ജെഡിഎസ് നേതാവ് അയനൂര്‍ മഞ്ജുനാഥ് ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കു കാരണമായി.

അതേസമയം, തന്നെ ഒട്ടേറെ നേതാക്കള്‍ കാണാറുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മണ്ഡലത്തിന്റെ വികസന കാര്യങ്ങള്‍ സംസാരിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സോമശേഖര്‍ പിന്നീട് വിശദീകരിച്ചു.

സോമശേഖര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ബിജെപി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്നും ആരും പാര്‍ട്ടി വിടില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞത്. മുന്‍ മന്ത്രിമാരായ ശിവറാം ഹെബ്ബാര്‍, മുനിരത്ന തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി എംഎല്‍എമാരില്‍ ചിലര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നത്. പല ഘട്ടങ്ങളിലായി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ എംഎല്‍എമാരില്‍ ചിലരാണ് തിരികെ മടങ്ങാന്‍ തയാറെടുക്കുന്നത്. 2019ല്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു പോയ നേതാക്കളില്‍ ചിലരും തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് എംഎല്‍എമാരായ നേതാക്കളെ തിരികെ പാര്‍ട്ടിയിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ‘ഓപ്പറേഷന്‍ ഹസ്ത’ എന്ന പേരില്‍ അറിയപ്പെടുന്നത്. മുന്‍പ് പാര്‍ട്ടി വിട്ടുപോയ ചില നേതാക്കളെയാണ് ഓപ്പറേഷന്‍ ഹസ്തയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പും ബെംഗളുരു തദ്ദേശ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരും നേതാക്കളും പാര്‍ട്ടിയിലേക്കു വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിനും അനുകൂല നിലപാടാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top