എംപി ‘തിളച്ചു’; എഡിജിപി എസിപിയെ ‘പൊരിച്ചു’; കോട്ടയം കുഞ്ഞച്ചന്‍റെ ജാമ്യത്തിന്റെ പേരില്‍ കൂട്ടപ്പൊരിച്ചില്‍
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന കേസില്‍ അറസ്റ്റിലായ കോട്ടയം കുഞ്ഞച്ചന്‍റെ വരവ് സിപിഎം സൈബര്‍ സംഘങ്ങള്‍ ആഘോഷമാക്കിയത് ഈ കഴിഞ്ഞ മണിക്കൂറുകളിലാണ്. എന്നാല്‍ ഈ പോയ പോക്കില്‍ ജാമ്യം ലഭിച്ച് അബിന്‍ കോടങ്കര പുറത്തിറങ്ങിയതാണ് ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് കാരണം. സിപിഎം എംപി എ.എ.റഹീമിന്റെ ഭാര്യ അമൃത റഹീം, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർ നൽകിയ പരാതിയിലാണ് ഇയാൾ സൈബർ പൊലീസിന്റെ പിടിയിലായത്.
ജാമ്യം ലഭിക്കാന്‍ ഇടയായത് സൈബര്‍ പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ സൈബര്‍ പോലീസിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി സൈബർ പോലീസ് സ്റ്റേഷൻ എസിപിയെ ഓഫീസില്‍ വിളിച്ച് വരുത്തിയതും ശാസിച്ചതും. സൈബർ എസ്എച്ച്ഒ, എസിപി: കരുണാകരൻ എന്നിവർക്കാണ് അന്വേഷണച്ചുമതലയുണ്ടായിരുന്നത്. ഭാര്യയുടെ പരാതിയില്‍ ഇടപെട്ട എംപി എബിന് ജാമ്യം കിട്ടിയതിൽ ക്ഷുഭിതനാണ്. ഉന്നത ഉദ്യോഗസ്ഥരോടു അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചതായാണ് വിവരം.
സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കോൺഗ്രസ് പ്രാദേശിക നേതാവ് നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി എബിൻ കോടങ്കര (27)യാണ് പ്രതി. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റ്, കെഎസ് യു നെയ്യാറ്റിൻകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇയാൾ, കോട്ടയം കുഞ്ഞച്ചൻ എന്ന പ്രൊഫൈൽ ആണ് അപവാദ പ്രചരണത്തിന് ഉപയോഗിച്ചത്.
ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടും സൈബർ പോലീസിന് പറ്റിയ വീഴ്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് ആരോപണം. ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള 41(എ )നോട്ടീസ് പ്രതിക്ക് നല്കാത്തതെന്താണ് എന്ന ചോദ്യത്തിന് പ്രോസിക്യൂഷന് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതിനെ തുടർന്നു കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
എബിന്‍റെ അറസ്റ്റ് ദൃശ്യങ്ങള്‍ സിപിഎം സൈബർ ഇടങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ജാമ്യം കൊടുത്ത് വിട്ടയ്ക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ എന്തിന് പിന്നെ അറസ്റ്റും മറ്റും നടത്തിയതെന്ന എഡിജിപിയുടെ ചോദ്യത്തിന് മുന്നിൽ അന്വേഷണസംഘം പതറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here