‘പൊട്ടിപ്പൊളിഞ്ഞ നിറമണ്‍കടവ് റോഡ്‌ എന്തായി?’ ഡി.കെ.മുരളിയോട് നാട്ടുകാരന്റെ ചോദ്യം; പോലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് അര്‍ദ്ധരാത്രിയില്‍; തിരുവനന്തപുരം കല്ലറയില്‍ വന്‍ പ്രതിഷേധം

തിരുവനന്തപുരം: ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ വാമനപുരം എംഎല്‍എ ഡി.കെ.മുരളിയോട് റോഡിന്‍റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയ പൊതുപ്രവര്‍ത്തകനെ പോലീസ് അര്‍ദ്ധരാത്രി വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ നീറമൺകടവാണ് സംഭവം. അക്ഷര സാംസ്കാരിക സമിതി പ്രസിഡന്റായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷൈജുവാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സംഭവത്തില്‍ പാങ്ങോട് പോലീസാണ് അറസ്റ്റ് ചെയ്തത്.

എംഎല്‍എയുടെ പരിപാടി അലങ്കോലമാക്കി, അപമര്യാദയായി പെരുമാറി എന്നുള്ള പരാതിയിലാണ് അറസ്റ്റ്. സംഘാടകരായ സിപിഎമ്മാണ് പരാതി നല്‍കിയത്. അറസ്റ്റ് അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് വിട്ടയച്ചത്. ക്രിമിനല്‍ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പോലീസ് നടപടി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

അടിയന്തിരാവസ്ഥയില്‍പ്പോലും അപൂര്‍വമായി മാത്രം അരങ്ങേറാറുള്ള സംഭവം ഇപ്പോള്‍ നടന്നതിന് പിന്നില്‍ സിപിഎം ചെലുത്തിയ അതിസമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ കല്ലറ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തിന് എംഎല്‍എ വന്നപ്പോഴാണ് നാട്ടുകാര്‍ക്കൊപ്പം ഷൈജുവും ഈ കാര്യം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പരിപാടി കഴിഞ്ഞയുടന്‍ ഷൈജുവിനെതിരെ സ്റ്റേഷനില്‍ പരാതി വരുകയായിരുന്നു. അറസ്റ്റിന് പോലീസ് എത്തിയത് പക്ഷെ അര്‍ദ്ധരാത്രിയാണ്. ‘ഞാനും അമ്മയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പോലീസ് ആണെന്ന് പറഞ്ഞപ്പോള്‍ വാതില്‍ തുറന്നു. മുന്നില്‍ വന്നത് വെഞ്ഞാറമൂട് പോലീസല്ല, പാങ്ങോട് പോലീസാണ്. അവരുടെ കൂടെ ഇറങ്ങിപ്പോയി. ഇന്നു രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിട്ടയച്ചു. എംഎല്‍എയുമായി തര്‍ക്കമുണ്ടായിട്ടില്ല. അക്ഷര സാംസ്കാരിക വേദിയുടെ പ്രസിഡന്റ് എന്ന നിലയില്‍ റോഡിന്റെ ശോചനീയാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പിന്നീട് വന്നത് അറസ്റ്റാണ്’-ഷൈജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

എംഎല്‍എയുടെ പരിപാടി അലങ്കോലമാക്കി എന്ന പരാതിയുണ്ട്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുകയാണ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റിന്‍റെ മൊഴി പ്രകാരമാണ് കേസ് എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്-പാങ്ങോട് സ്റ്റേഷന്‍ എസ്എച്ച്ഒ ഷാനിസ് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. സംഭവത്തില്‍ കല്ലറയില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top