വിശ്വപൗരന് ചരിത്രബോധം വേണമെന്ന് കോണ്‍ഗ്രസ് അണികൾ; പിണറായി സുഖിപ്പിക്കലിന് പിന്നിൽ വിശാല ലക്ഷ്യമെന്ന് നേതാക്കളും

നല്ലത് ആര് ചെയ്താലും അത് പറയുമെന്ന് വ്യക്തമാക്കിയ ഡോ. ശശി തരൂരിന് സിപിഎമ്മിന്റെ വികസനവിരുദ്ധ നയങ്ങളെക്കുറിച്ച് മനസിലാക്കാന്‍ തക്ക ചരിത്രബോധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. അത് അറിഞ്ഞിരുന്നുവെങ്കില്‍ പിണറായി സര്‍ക്കാരിനെ പാടി പുകഴ്ത്താന്‍ ഇറങ്ങില്ലായിരുന്നു എന്നാണ് അവരുടെ പക്ഷം.
1991- 94 കാലത്തെ കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ആലപ്പുഴ ജില്ലയുടെ വികസനത്തിനായി ആലപ്പുഴ ജില്ലാ വികസന സമിതി എന്നൊരു കമ്മറ്റി സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഗൗരിയമ്മയെ വികസന സമിതിയുടെ പ്രസിഡന്റാക്കി. പാര്‍ട്ടിയോട് ആലോചിക്കാതെ വികസന സമിതി പ്രസിഡന്റ് പദവി സ്വീകരിച്ചതിന്റെ പേരില്‍ നടപടി എടുത്ത പാരമ്പര്യമാണ് സിപിഎമ്മിന്റേത്. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പ്രധാന കുറ്റങ്ങളില്‍ ഒന്ന് ഇതായിരുന്നു.

അതേക്കുറിച്ച് ഗൗരിയമ്മയുടെ ജീവചരിത്രമായ കെ ആര്‍ ഗൗരിയമ്മയും കേരളവും(മാതൃഭുമി ബുക്‌സ്) എന്ന പുസ്തകത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ആലപ്പുഴ പട്ടണത്തിന്റെ സര്‍വതോന്മുഖമായ ഉന്നമനവും തൊഴില്‍ പ്രശ്‌നങ്ങളടെ പരിഹാരവും എല്ലാം കണക്കാക്കി എല്ലാ പാര്‍ട്ടിക്കാരും പൊതുജനങ്ങളും ചേര്‍ന്ന് ആലപ്പുഴ വികസന സമിതി എന്നൊരു വിശാലമായ കാഴ്ചപ്പാടോടു കൂടി സമിതി രൂപീകരിക്കുവാന്‍ തീരുമാനിച്ചു. എന്നെ അവരതിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വിശദീകരണം ആവശ്യപ്പെട്ട കുറ്റം അതായിരുന്നു’. ഒരു വികസന സമിതിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ നടപടി എടുത്ത പാര്‍ട്ടിയാണ് സിപിഎം എന്ന കാര്യം ശശി തരൂര്‍ ഓര്‍ക്കേണ്ടതായിരുന്നു എന്നാണ് ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നത്.
5000 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ ‘6000 കോടിയുടെ കടല്‍ക്കൊള്ള’ എന്നു പറഞ്ഞ മഹാനാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ തരൂരിനോടായി സോഷ്യല്‍ മീഡിയായിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് വികസനത്തിന്റെ കുതിപ്പാണെന്ന് മുഖ്യമന്ത്രിയും പി ആര്‍ സംഘങ്ങളും പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് അയല്‍ സംസ്ഥാനങ്ങള്‍ കോടികളുടെ വിദേശനിക്ഷേപം നേടിയെടുത്തപ്പോള്‍ കേരളം വികസന ബഡായി പറഞ്ഞിരിക്കുകയായിരുന്നു; ഇതൊന്നും തരൂര്‍ കാണുന്നില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം.
2022ല്‍ ദുബായില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പിണറായിയും വ്യവസായമന്ത്രി പി രാജീവും പങ്കെടുത്തിരുന്നു. പത്തു രൂപയുടെ പോലും നിക്ഷേപ വാഗ്ദാനം കേരളത്തിന് ലഭിച്ചില്ല. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുബായ് നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത് 6,684 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചു കൊണ്ടുവന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം കൊണ്ടുവരാന്‍ മുഖ്യമന്ത്രി പരിവാര സമേതം എട്ട് തവണ വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പത്ത് പൈസയുടെ പോലും നിക്ഷേപം വന്നില്ല. വിദേശയാത്രയെക്കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങള്‍ക്കും വിവരാവകാശ അപേക്ഷകള്‍ക്കും കൃത്യമായ മറുപടി പോലും നല്‍കാറില്ലായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അഞ്ച് കൊല്ലം മുമ്പ് കൊച്ചിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അസെന്‍ഡ് കേരള എന്നൊരു പരിപാടി 2020 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടത്തി.ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം വേദിയില്‍ത്തന്നെ ലഭിച്ചുവെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനം നടത്തിയ ഒരാള്‍ പോലും കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഈ മേളയില്‍ പങ്കെടുത്ത് ആഴക്കടല്‍ മത്സ്യബന്ധന രംഗത്ത് 4000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നടത്തിയത് ഇ എം സി സി എന്നൊരു അമേരിക്കന്‍ തട്ടിപ്പ് കമ്പനിയായിരുന്നു. ഇവരില്‍ നിന്ന് കമ്മീഷനടിക്കാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിച്ചതിന്റെ നാറ്റക്കഥകള്‍ പിന്നീട് പുറത്തുവന്നു.
ഈ കമ്പനിയുടെ പ്രസിഡന്റ് എന്നു പറഞ്ഞുവന്ന ഷിജൂ എം വര്‍ഗീസ് എന്ന വ്യക്തി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. വിദേശനിക്ഷേപം കൊണ്ടുവന്ന തന്നെ കബളിപ്പിച്ച മുന്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയോടുള്ള വിയോജിപ്പിന്റെ ഭാഗമായാണ് മത്സരിക്കുന്നത് എന്നായിരുന്നു ഷിജു പറഞ്ഞിരുന്നത്. ഇയാള്‍ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെറും പതിനായിരം രൂപ മാത്രമാണ് തന്റെ സ്വത്ത് വിവരമായി രേഖപ്പെടുത്തിയിരുന്നത്. ഇത്തരം തട്ടിപ്പ് നിക്ഷേപ വാഗ്ദാനങ്ങളല്ലാതെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ എടുത്തു പറയത്തക്ക വിദേശ- സ്വദേശ നിക്ഷേപകരൊന്നും കേരളത്തിലേക്ക് വന്നിട്ടില്ല. ഈ മാസം വീണ്ടും ഒരു ആഗോള നിക്ഷേപ സംഗമം വ്യവസായ വകുപ്പ് കൊച്ചിയില്‍ നടത്തുന്നുണ്ട്.
കെ എസ് ഐ ഡി സി യുടെ കീഴില്‍ ഓവര്‍സിസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ സെല്‍ എന്നൊരു പുതിയ സംവിധാനം വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ രൂപീകരിച്ചെങ്കിലും അതും മറ്റൊരു വെള്ളാനയായി തുടരുന്നു. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോക കേരളസഭ മൂന്ന് വട്ടം കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിയെങ്കിലും ഒരു മൊട്ടുസൂചി കമ്പനി പോലും ഇവിടെ തുടങ്ങാന്‍ ആരും ശ്രമിച്ചില്ലെന്നാണ് കെപിസിസിയുടെ ആക്ഷേപം.
കഴിഞ്ഞ മാസം ഒടുവില്‍ പത്തുകോടി രൂപ മുടക്കി വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തെങ്കിലും പത്ത് പൈസയുടെ നിക്ഷേപ വാഗ്ദാനം പോലും കേരളത്തിന് ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. 70ഓളം കമ്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടും ചര്‍ച്ച നടത്തിയെന്നാണ് വ്യവസായ മന്ത്രി പി രാജീവിന്റെ അവകാശവാദം. എന്നാല്‍ ഇതേ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ 15.70 ലക്ഷം കോടിയുടെ നിക്ഷേപ കരാറുകളിലാണ് ഒപ്പുവെച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപ വാഗ്ദാനങ്ങളിലും കരാറുകളിലും ഒപ്പുവെച്ചതും മഹാരാഷ്ടയാണ്. തൊട്ടു പിന്നില്‍ തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here