തോല്‍വിക്ക് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ കൂട്ടയടി; മുരളീധരന്‍ അനുകൂലിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്തു; പൊട്ടിക്കരഞ്ഞ് സജീവന്‍ കുര്യച്ചിറ

കെ.മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. തോല്‍വി സംബന്ധിച്ച ചര്‍ച്ചകളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. കെ.മുരളീധരന്റെ അനുയായി ഡിസിസി ജനറല്‍ സെക്രട്ടറി സജീവന്‍ കുര്യച്ചിറയെ കൈയ്യേറ്റം ചെയ്തതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഇതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം വെല്ലുവിളിയുമായി ഇരുപക്ഷത്തുമായി പ്രവര്‍ത്തകര്‍ അണിനിരന്നു.

ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരും അനുയായികളും കൈയ്യേറ്റം ചെയ്തതായി സജീവന്‍ കുര്യച്ചിറ ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞായിരുന്ന സജീവന്‍ പ്രതികരിച്ചത്. അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണ് ഡിസിസി പ്രസിഡന്റെന്നും സജീവന്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളടക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരസ്പരം വെല്ലുവിളിച്ച് ഇറങ്ങി. ഇതിനു പിന്നാലെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി ഓഫീസിനുള്ളിലെ കെ കരുണാകരന്റെ ചിത്രത്തിന് മുന്നില്‍ സജീവന്‍ കുത്തിയിരിപ്പ് സമരം നടത്തി.

തോല്‍വിക്ക് പിന്നാലെ തന്നെ ഡിസിസിയില്‍ പോസ്റ്റര്‍ പോര് ആരംഭിച്ചിരുന്നു. തോല്‍വിയില്‍ പരസ്പരം ആരോപണം ഉന്നയിച്ചാണ് ഓഫീസിന്റെ ചുമരില്‍ പോസ്റ്റര്‍ യുദ്ധം ആരംഭിച്ചത്. ജോസ് വള്ളൂര്‍, ടിഎന്‍ പ്രതാപന്‍, അനില്‍ അക്കര എന്നിവര്‍ക്കെതിരെയാണ് ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top