ഗാന്ധികുടുംബത്തിൽ അടുക്കളപ്പോരോ? റായ്ബറേലിയെ ചൊല്ലി പ്രിയങ്കയും രാഹുലും തമ്മിൽ അടിപിടി; അമേഠിയിൽ വരുണിനെ നിർത്തിയേക്കും

ന്യൂഡൽഹി: നെഹ്റു-ഗാന്ധി കുടുംബത്തിൻ്റെ കുത്തക സീറ്റുകളായ ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും ഇനിയും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാകാതെ കോൺഗ്രസ്. റായ്ബറേലിയെച്ചൊല്ലി രാഹുലും പ്രിയങ്കയും തമ്മിൽ ‘സൗന്ദര്യ പിണക്കം’ ആണെന്ന് റിപ്പോർട്ടുകളുണ്ട്. മെയ് 20ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാത്തതിന് കാരണം കുടുംബലഹളയാണെന്ന് കരുതുന്നു. അമേഠിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടിയുമായി (എസ്പി) സഖ്യത്തിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. രണ്ടിടത്തും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം മൂന്നാണ്.

ഇന്ത്യാ മുന്നണിയിലുള്ള എസ്പി 63 സീറ്റിലും കോൺഗ്രസ് 17 സീറ്റിലുമാണ് യുപിയിൽ മത്സരിക്കുന്നത്. മറ്റ് 15 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും അമേഠി, റായ്ബറേലി സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നതാണ് അഭ്യൂഹങ്ങൾക്ക് ഇടനൽകുന്നത്. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക താൽപര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം. എസ്പി നേതാവ് അഖിലേഷ് യാദവ് കനൗജ് മണ്ഡലത്തിൽ ഇന്ന് നാമനിർദ്ദേശ പത്രിക നൽകിയതോടെ ഗാന്ധി കുടുംബക്കാർ തന്നെ അമേഠിയിലും റായ്ബറേലിയും മത്സരിക്കുമെന്ന് ഉറപ്പായി.

1952ലാണ് റായ്ബെറേലി മണ്ഡലം നിലവിൽ വന്നത്. യുപിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഈ ലോക്സഭാ മണ്ഡലം. വോട്ടർമാരിൽ ഭൂരിപക്ഷവും പട്ടിക ജാതി -വർഗത്തിൽ പെട്ടവരാണ്. റായ്ബറേലി മണ്ഡലം നിലവിൽ വന്നത് മുതൽ കോൺഗ്രസ് കൈപ്പിടിയിൽ വച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 1977ൽ ജനതാ പാർട്ടി നേതാവ് രാജ് നാരായൺ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തോല്പിച്ച് ചരിത്രം സൃഷ്ടിച്ചു. പിന്നീട് 1996ലും 1999ലും ബിജെപിയിലെ അശോക് സിംഗ് ജയിച്ചതൊഴിച്ചാൽ പിന്നീട് ലോക്സഭയിലേക്ക് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസാണ് ഇവിടെ നിന്ന് വെന്നിക്കൊടി പാറിച്ചിട്ടുള്ളത്.

ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയാണ് ഈ മണ്ഡലത്തിൽ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ച കോൺഗ്രസ് എംപി. 1957ലും അദ്ദേഹം വിജയം ആവർത്തിച്ചു. മികച്ച പാർലമെൻ്റേറിയൻ എന്ന് പേരെടുത്ത ഫിറോസ്, ലോക്സഭയിൽ നെഹ്റു സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാൻ മടി കാണിച്ചിട്ടില്ല. 1960ൽ ഫിറോസിൻ്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും 1962ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളത്. 1967ൽ ഇന്ദിരാഗാന്ധി ഭർത്താവിൻ്റെ ഓർമ്മകളുമായി റായ്ബറേലിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. 71ലും വിജയം ആവർത്തിച്ചു. 77ൽ ജനതാപാർട്ടിയിലെ രാജ് നാരായൺ 55202 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഇന്ദിരാഗാന്ധിയെ തറപറ്റിച്ചു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് ജനം നൽകിയ ശിക്ഷയായിരുന്നു തോൽവി. അതേ ഇന്ദിരയെ മൂന്ന് കൊല്ലം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ ചേർത്ത് പിടിക്കാനും റായ്ബറേലിയിലെ വോട്ടറന്മാർ മടി കാണിച്ചില്ല.

1980ൽ വീണ്ടും ഇവിടെ നിന്നും ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അപ്രാവശ്യം ആന്ധ്രപ്രദേശിലെ മേഡക്കിൽ നിന്നും അവർ ജനവിധി തേടിയിരുന്നു. മേഡക്ക് സീറ്റ് നിലനിർത്തിക്കൊണ്ട് റായ്ബറേലി സീറ്റ് രാജിവെച്ചു.50249 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയ് രാജെ സിന്ധ്യയെ ഇന്ദിര തോൽപ്പിച്ചത്. 1980ൽ തന്നെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ ബന്ധുവായ അരുൺ നെഹ്റു ഇവിടെ നിന്ന് ജയിച്ചു. 1984ലും അരുൺ നെഹ്റു വിജയം ആവർത്തിച്ചു. 1989,91ലും കോൺഗ്രസ് തന്നെ സീറ്റ് നിലനിർത്തി. 96ലും 99ലും ബിജെപി ഈ സീറ്റ് പിടിച്ചെടുത്തു.

1991ൽ ഭർത്താവിൻ്റെ മരണത്തെത്തുടർന്ന് സജീവ രാഷ്ടീയത്തിൽ നിന്ന് വിട്ടുനിന്ന സോണിയ 1997ലാണ് കോൺഗ്രസിൽ അംഗമാവുന്നത്. 1998ൽ കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 1999ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭർത്താവ് രാജീവ് ഗാന്ധിയും സഹോദരൻ സഞ്ജയ് ഗാന്ധിയും അമേഠിയിൽ നിന്ന് പലവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2004ലാണ് സോണിയാ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനിറങ്ങുന്നത്. രണ്ടരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയം സോണിയ കരസ്ഥമാക്കിയത്. 2006, 2009, 2014, 2019 എന്നീ തിരഞ്ഞെടുപ്പുകളിലും സോണിയ പരാജയമറിയാതെ സീറ്റ് നിലനിർത്തി. ആരോഗ്യനില മോശമായത് കൊണ്ട് ഇത്തവണ മത്സര രംഗത്ത് നിന്ന് ഒഴിയുകയാണെന്ന് വളരെ നേരത്തെ തന്നെ സോണിയ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ റായ്ബറേലി സീറ്റിൽ പ്രിയങ്കയോ രാഹുലോ മത്സരിക്കണമെന്ന ആവശ്യവും സജീവമാണ്.

റായ്ബറേലി പോലെ തന്നെ ഗാന്ധികുടുംബത്തിന് വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് അമേഠി. 1967ലാണ് അമേഠി മണ്ഡലം രൂപം കൊണ്ടത്. മണ്ഡലത്തിലെ വോട്ടറന്മാരിൽ 25% പട്ടികജാതിക്കാരാണ്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഇളയ മകനും അടിയന്തരാവസ്ഥ കാലത്തെ വിവാദനായകനുമായ സഞ്ജയ് ഗാന്ധി അമേഠിയിൽ നിന്ന് ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. ഇന്ദിരാ വിരുദ്ധ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയിലെ രവീന്ദ്ര പ്രതാപ് സിംഗിനോട് 75844 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പക്ഷേ 1980ൽ സഞ്ജയ് ഗാന്ധി 128544 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 1980 ജൂൺ 23നുണ്ടായ വിമാന അപകടത്തിൽ സഞ്ജയ് കൊല്ലപ്പെട്ടു. കേവലം ആറ് മാസം മാത്രമാണ് എംപിയായി പ്രവർത്തിക്കാൻ കഴിഞ്ഞത്.

സഞ്ജയിൻ്റെ നിര്യാണ ത്തെ തുടർന്ന് 1981ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി 237696 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1984, 1989, 1991ലും വിജയിച്ചു. 1984 ൽ സഹോദര ഭാര്യയായ മനേക ഗാന്ധിയാണ് രാജീവിനെതിരെ മത്സരിച്ചത്. 1991ൽ അമേഠിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസം ദിവസം കഴിഞ്ഞാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ അദ്ദേഹം കൊല്ലപ്പെടുന്നത്. ഫലപ്രഖ്യാപനം വന്നപ്പോൾ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. രാജീവിൻ്റെ അടുത്ത സുഹൃത്തും പൈലറ്റുമായ സതീഷ് ശർമ്മ 1991, 1996 തിരഞ്ഞെടുപ്പുകളിൽ വിജയകിരീടം ചൂടി. 1998ലെ തിരഞ്ഞെടുപ്പിൽ സതീഷ് ശർമ്മയെ ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സിംഗ് പരാജയപ്പെടുത്തി. 1999ൽ സോണിയ ഗാന്ധി മൂന്നുലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അമേഠി തിരിച്ചുപിടിച്ചു.

വിദേശ വിദ്യാഭ്യാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി സജീവ രാഷ്ടീയത്തിലേക്കിറങ്ങിയ രാഹുൽ ഗാന്ധി 2004ലെ തിരഞ്ഞെടുപ്പിൽ 290384 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അമേഠിയിൽ ബിഎസ്പി അംഗത്തെ പരാജയപ്പെട്ടുത്തിയത്. 2009ലും 2014ലും രാഹുൽ വിജയം ആവർത്തിച്ചു. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് 55120 വോട്ടിന് രാഹുൽ പരാജയപ്പെട്ടു. 2014ൽ രാഹുലിനോട് 107903 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി അമേഠി വിട്ടുപോകാതെ അവിടെ ഉറച്ച് നിന്നു ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ വികസനത്തിൻ്റെ തേരിലേറിയാണ് സ്മൃതി 2019ൽ അമേഠി തിരിച്ചുപിടിച്ചത്. അമേഠിക്ക് പുറമെ വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. അവിടെനിന്ന് നാലരലക്ഷത്തി ലധികം വോട്ടിനാണ് ജയിച്ചത്.

ബിജെപി സീറ്റ് നിഷേധിച്ച വരുൺ ഗാന്ധി എസ്പി ടിക്കറ്റിലോ കോൺഗ്രസ് ടിക്കറ്റിലോ അമേഠിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹവും സജീവമാണ്. വരുണിനെ സംബന്ധിച്ച് വൈകാരികമായി അടുപ്പമുള്ള മണ്ഡലമാണ് അമേഠി. പിതാവ് സഞ്ജയ് ഗാന്ധി വിജയിച്ച മണ്ഡലത്തിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ അദ്ദേഹം മത്സരിക്കാനിടയുണ്ട്. വരുണിൻ്റെ അമ്മ മനേക ഗാന്ധി യുപി യിലെ സുൽത്താൻപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വരുൺ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അമ്മയുടെ മണ്ഡലത്തിൽ പോലും വരുൺ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല.

നെഹ്റു -ഗാന്ധി കുടുംബത്തിലെ കലഹമാണോ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം എന്നതിന് മറുപടി പറയേണ്ടതും ഗാന്ധികുടുംബമാണ്. ഏതായാലും വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസിന് വേറെ വഴിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top