കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും സിപിഎം പ്രസവിച്ച ഇരട്ടക്കുട്ടികള്‍; മുഖ്യമന്ത്രി ചർച്ച നടത്തിയത് രണ്ട് കേസുകളും ഒതുക്കാനെന്ന് അനിൽ അക്കര

തൃശൂർ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപണമുയരുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന് അനിൽ അക്കര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയില്‍ പോയിരുന്നെങ്കില്‍ സിപിഎം നേതാക്കളും പ്രതികളാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടകര കുഴല്‍പ്പണക്കേസിലെ രണ്ടു പ്രതികൾക്ക് സിപിഎം നേതാക്കൾ വായ്പ നൽകി. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് വായ്പ നൽകിയിട്ടുള്ളത്. കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് രഞ്ജിത്, മനോജ്, ദീപ്തി, മിനി, സജീവന്‍ എന്നീ അഞ്ച് പേരുടെ പേരിലാണ് ഒന്നേകാല്‍ കോടി തട്ടിയെടുത്തത്. ഇതില്‍ രഞ്ജിതും ദീപ്തിയും ദമ്പതിമാരാണ്. കൊടകര കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ ദീപക് ശങ്കരന്റെ സഹോദരിയാണ് ദീപ്തി. അന്തരിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെയൂം മക്കളുടെയും പേരിലാണ് ഈ അഞ്ച് പേരും വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ നേതാവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്ക് എന്നും അനിൽ അക്കരെ പറഞ്ഞു. ഈ രണ്ട് കേസുകളും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണ്.
കൊടകര കേസില്‍ പ്രതിയായ ദീപക് ശങ്കരന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വെള്ളാങ്കല്ലൂർ സ്വദേശികളായ കുഴൽപ്പണ കേസിലെ പ്രതികൾക്ക് കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പ കൊടുത്തത് സംശയകരമാണ്. ബാങ്കിന്റെ പരിധിയ്ക്ക് പുറത്താണ് ഈ വായ്പയെന്നും അനിൽ അക്കര ആരോപിച്ചു. കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും സിപിഎം പ്രസവിച്ച ഇരട്ടക്കുട്ടികളാണ്. കരുവന്നൂര്‍ ചെറിയ മീനാണ്. കുട്ടനെല്ലൂര്‍ ചെറിയ സ്രാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിൻ്റെ സ്രോതസ്സ് കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നിട്ടുണ്ട്. അതിൽ സതീഷ് കുമാറിന് പങ്കുണ്ടെന്നും അനിൽ അക്കര പറഞ്ഞു
കരുവന്നൂർ കേസ് ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. നിക്ഷേപകർക്ക് തുക മടക്കി നൽകുക, പ്രതികൾ തട്ടിയ സ്വത്ത് പിടിച്ചെടുക്കുക, ഇത് രണ്ടും ചെയ്താൽ ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ കേസ് പിന്നെ നിലനിൽക്കില്ലെന്നും നിയമോപദേശം കിട്ടിയതായും അനിൽ അക്കര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോപണ വിധേയനെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയത് പണം നഷ്ടപ്പെട്ടവര്‍ക്ക് പണം ലഭ്യമാക്കാനല്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനായിരുന്നു ചർച്ച നടന്നത്. പ്രതികളായ കിരണിന്റെയും ജില്‍സിന്റെയും ബാധ്യത ഏറ്റെടുത്ത് ഇടപാടുകാരുടെ പണം നല്‍കി കേസില്‍ സെറ്റില്‍ ചെയ്യാനാണ് നീക്കം. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചാല്‍ ഇ.ഡി അന്വേഷണത്തിന് തടയിടാമെന്നാണ് സിപിഎം ആലോചന. അങ്ങനെ വന്നാലും കിരണിന്റെയും ജില്‍സിന്റെയും അക്കൗണ്ടില്‍ വന്ന കോടികളുടെ കണക്ക് സിപിഎം ബോധ്യപ്പെടുത്തണം എന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
എ.സി മൊയ്തീന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് സിപിഎം- ബിജെപി അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമായാണ്. കരുവന്നൂരില്‍ അന്വേഷിച്ചെത്തുന്ന ഇ.ഡിക്ക് കൊടകരയിലും പിടിമുറുക്കേണ്ടി വരും. അതുകൊണ്ട് ഒത്തുതീര്‍പ്പിലെത്താന്‍ ഇ.ഡി സാവകാശം നല്‍കുകയാണോ എന്ന് സംശയമുണ്ട്. തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വഴിയൊരുക്കുകയണ് ഇ.ഡിയെന്ന ഗോവിന്ദന്‍ മാസ്റ്ററുടെ ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അനില്‍ അക്കര പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here