‘ലഡാക്ക് കീഴടക്കിയവൻ’; ചൈനയെ വിറപ്പിക്കാൻ ‘സോരാവർ സിംഗ്’ വീണ്ടും യുദ്ധഭൂമിയിലേക്ക്

കിഴക്കൻ ലഡാക്കിൽ ചൈനയുടെ അനധികൃത ഭൂമി കയ്യേറ്റം തടയാൻ തദ്ദേശിയമായി നിർമ്മിച്ച ആദ്യ പർവ്വത ടാങ്ക് (Mountain Tank) പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. സോരാവർ (Zorawar) എന്നാണ് ഡിആർഡിഒ വികസിപ്പിച്ച പുതിയ ടാങ്കിൻ്റെ പേര്. നിർണായക പ്രതിരോധ സംവിധാനങ്ങളിലും സാങ്കേതികവിദ്യകളിലും രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിലേക്കുള്ള പാതയിലെ സുപ്രധാന നാഴികക്കല്ലാണ് വിജയകരമായ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധമടക്കം സൂഷ്മമായി നിരീക്ഷിച്ചാണ് ടാങ്കിന്‍റെ രൂപകൽപന. 25 ടണ്ണാണ് ഭാരം. 58.5 ടൺ ഭാരമുള്ള മൂന്നാം തലമുറ പ്രധാന യുദ്ധ ടാങ്കായ അർജുൻ ഡിആർഡിഒ നേരത്തെ വികസിപ്പിച്ചിരുന്നു. എന്നാൽ ചൈനയുമായുള്ള ഏറ്റുമുട്ടലിനുശേഷം മലയോര പ്രദേശങ്ങളിൽ ഭാരം കുറഞ്ഞ ടാങ്കിൻ്റെ ആവശ്യത ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു സോരാവറിൻ്റെ നിർമ്മാണം.
ഉയരമുള്ള പ്രദേശങ്ങളിൽ വേഗത്തിൽ വിന്യസിക്കാനും ഉപയോഗിക്കാനും കഴിയും. അതിശൈത്യത്തെ അതിജീവിക്കാൻ കഴിയുന്ന സോരാവറിന് വെള്ളത്തിലൂടെയും മരുഭൂമിയിലൂടെയും സഞ്ചരിക്കാൻ കഴിയും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), നിരീക്ഷണ ഡ്രോണുകൾ, ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളും ടാങ്കിൽ സജ്ജീകരിച്ചിരിക്കുന്നു.
ഭാരം കുറഞ്ഞതിനാൽ ഹെലികോപ്റ്റർ വഴി അതിർത്തി പ്രദേശങ്ങളിൽ എളുപ്പത്തിൽ വിന്യസിക്കാനാകും. വടക്കൻ അതിർത്തിയിലെ തുടർച്ചയായി തിരിച്ചടിയാവുന്ന മോശം കാലാവസ്ഥയെയും പ്രയാസകരമായ സാഹചര്യങ്ങളെയും അതിജീവിക്കാൻ സോരാവറിനാകും. മണിക്കൂറിൽ 60 കിലോമീറ്ററാണ് കരയിലെ വേഗത.
എയർക്രാഫ്റ്റുകളെ പ്രതിരോധിക്കാനുള്ള സംവിധാനം, ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനം, മെഷീൻ ഗണ്ണുകൾ, നൂതന മൾട്ടിപർപ്പസ് സ്മാർട്ട് യുദ്ധോപകരണങ്ങളുടെ സജ്ജീകരണം എന്നിവയും സോരാവറിൻ്റെ പ്രത്യേകതകളാണ്. വളരെയധികം ദൂരത്തിലുള്ള ശത്രുവിൻ്റെ സ്ഥാനം തിരിച്ചറിയാനും ഒപ്പം എതിരാളികളുടെ ശ്രദ്ധയിൽ പെടാതിരിക്കാനും ടാങ്കിന് കഴിയും. ഓഡിയോ, തെർമൽ, ഇലക്ട്രോമാഗ്നറ്റിക് അടയാളങ്ങൾ പുറത്ത് വരുന്നത് തടയാനാള്ള സംവിധാനവും മറ്റൊരു സവിശേഷതയാണ്. സോരാവർ ടാങ്കുകളെ 2027ല്‍ കരസേനയുടെ ഭാഗമാക്കാനാണ് നീക്കം. 59 എണ്ണമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. ആകെ 350 ടാങ്കുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം.
1841ൽ ടിബറ്റൻ സൈന്യത്തിനെതിരെ മാനസരോവറിൽ നടന്ന യുദ്ധത്തിൽ ഡോഗ്ര സേനയെ നയിച്ച ജനറൽ സോരാവർ സിംഗ് കഹ്‌ലൂരിയയുടെ പേരാണ് ടാങ്കിന് നൽകിയിരിക്കുന്നത്. ധൈര്യം എന്നാണ് സോരാവർ എന്ന പഞ്ചാബി വാക്കിനർത്ഥം. സിഖ് സാമ്രാജ്യത്തിന് കീഴിൽ ജമ്മു ഭരിച്ചിരുന്ന ഡോഗ്ര വംശത്തിലെ രജപുത്ര രാജാവ് ഗുലാബ് സിംഗിൻ്റെ സൈനിക ജനറലായിരുന്നു സോരാവർ സിംഗ്. ലഡാക്കും ബാൾട്ടിസ്ഥാനും കീഴടക്കി ജമ്മുവിൻ്റെ വിസ്തൃതി വർധിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ‘ലഡാക്ക് കീഴടക്കിയവൻ’ എന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here