സ്വകാര്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നത് ചതി, കുറ്റകരം; പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ശാരീരികബന്ധത്തിനുള്ള സമ്മതം ദൃശ്യം പകർത്താനോ പുറത്തുവിടാനോ ഉള്ളതല്ലെന്ന് സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി. എന്തിൻ്റെ പേരിലായാലും അത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. കാലങ്ങളായി സൗഹൃദം ഉണ്ടായിരുന്ന രണ്ടുപേർ തമ്മിൽ ഉടലെടുത്ത വ്യവഹാരമാണ് കോടതിക്ക് മുന്നിലെത്തിയത്. പ്രതിയിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല. ഇത് മുതലെടുത്താണ് ശാരീരിക ബന്ധത്തിന് പ്രതി കളമൊരുക്കിയത്. പിന്നീട് ഇതിൻ്റെ ദൃശ്യങ്ങൾ കാണിച്ചായിരുന്നു ഭീഷണി.

ഒരു സ്ത്രീ ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം ഏത് സമയത്ത് തന്നാലും, അത് ദൃശ്യങ്ങൾ പകർത്താനും കൂടിയുള്ള അനുമതിയല്ല. രണ്ടും രണ്ടായി തന്നെ പരിഗണിക്കണം. ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തുന്നതും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും ചതിയാണ്. സ്വകാര്യത സംരക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതിനെതിരെ പ്രവർത്തിച്ച് ദൃശ്യങ്ങൾ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റമായി തന്നെ പരിഗണിക്കേണ്ടി വരും.

പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമെ അങ്ങനെ സമ്മർദത്തിലാക്കി പരാതിക്കാരിയെ പ്രതി ആവർത്തിച്ച് ചൂഷണം ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തോളം പ്രതി ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു. എന്നിട്ടും ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. ഇതോടെയാണ് പരാതിക്കാരി നിയമനടപടിക്ക് തുനിഞ്ഞത്. പീഡനം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയത്. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണകാന്ത ശർമയാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

പരാതിക്കാരി വിവാഹിതയാണെന്നും കാര്യങ്ങളുടെ ഗൗരവം അറിയാവുന്ന ആളാണെന്നും ഉള്ള വാദങ്ങൾ കോടതി കണക്കിലെടുത്തില്ല. പരാതിക്കാരി മസാജ് പാർലറിൽ ജോലിക്കാരി ആണെന്നും കോടതിയെ ബോധിപ്പിക്കാൻ പ്രതിഭാഗം ശ്രമിച്ചു. അവരോട് മര്യാദകേട് കാണിക്കാൻ അതൊന്നും ന്യായീകരണമല്ല എന്ന ഉറച്ച നിലപാടാണ് കോടതി സ്വീകരിച്ചത്. പ്രത്യേകിച്ച് അവർക്കെതിരെ സ്വഭാവദൂഷ്യമൊന്നും ആരോപിക്കാനും പ്രതിഭാഗത്തിന് കഴിയാത്ത സാഹചര്യത്തിൽ അതൊന്നും നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് ശർമ നിലപാടെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top