സുരേഷ് ഗോപിയുടെ നാവ് പൊന്നായി; യുവാക്കളുടെ വോട്ട് ബിജെപിക്കല്ല, തനിക്കാണ് കിട്ടുകയെന്ന ആത്മവിശ്വാസം ഫലിച്ചു; പ്രധാനമന്ത്രിയുടെ വിശ്വാസം കാത്തു

“പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. എല്ലാ ജാതി- മത വിഭാഗത്തിൽ പ്പെട്ട യുവാക്കളുടെ വോട്ടും കിട്ടും. അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്”- തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യഘട്ടത്തിൽ ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിത്. പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞ വാക്കുകൾ ശരിയാണെന്ന് തെളിയിച്ചു. ഇതാദ്യമായി സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ നേട്ടമായി തന്നെ വിലയിരുത്തപ്പെടും.
ബിജെപിയുടെ രാഷ്ടീയത്തേക്കാൾ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിനും, അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് തൃശൂരിൽ ലഭിച്ചത്. വലിയ തോതിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് തിളക്കമാർന്ന വിജയത്തിന് കാരണം. 2019ൽ പാർലമെൻ്റിലേക്കും 2021ൽ നിയമസഭയിലേക്കും മത്സരിച്ച് തോറ്റെങ്കിലും തൃശൂർ വിടാതെ സ്ഥിരതയോടെ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇത്തവണത്തെ കടുത്ത ത്രികോണപ്പോരിലും നേടിയ വിജയം.
ഗുരുവായൂർ ക്ഷേത്രത്തിൽ മകളുടെ വിവാഹത്തിന് എത്തിയത് അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം സുരേഷ് ഗോപിക്ക് വേണ്ടി തൃശൂരിലെത്തി. ഇങ്ങനെയെല്ലാം പൂരങ്ങളുടെ നാട്ടിലെ ഇത്തവണത്തെ മത്സരം ദേശീയ ആകർഷിച്ചതാണ്. എന്നിട്ടും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സുരേഷ് ഗോപിയുടെ രാഷ്ട്രിയ ഭാവിക്ക് തിരിച്ചടിയായേനെ. സംസ്ഥാന ബിജെപി നേതൃത്വത്തിൻ്റെ കാര്യമായ പിന്തുണ ഒന്നുമില്ലാതെയാണ് കഴിഞ്ഞ അഞ്ചു വർഷമായി സുരേഷ് ഗോപി മണ്ഡലത്തിൽ നിറഞ്ഞുനിന്നത്. ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ നേടിയ വിജയത്തിന് 21 കാരറ്റ് തിളക്കമുണ്ട്.
വ്യക്തിപരമായി ഒരുപാട് അപമാനങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്ന തിരഞ്ഞെടുപ്പായിരുന്നു. പ്രചാരണത്തിൻ്റെ തുടക്കത്തിൽ തൃശൂർ ലൂർദ് പള്ളിയിൽ കന്യാമറിയത്തിന് കിരീടം കാഴ്ചവച്ച് ക്രൈസ്തവരുടെ വിശ്വാസം പിടിച്ചുപറ്റാൻ ശ്രമിച്ചത് പാളിയത് എതിരാളികൾ വലിയ തോതിൽ ആഘോഷമാക്കിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം കുടുംബത്തെ പോലും കടുത്ത സമ്മർദ്ദത്തിലാക്കിയ സംഭവമായി അത്. മാധ്യമപ്രവർത്തകയുടെ പരാതിയിലുണ്ടായ കേസ് വ്യക്തിപരമായും മുൻപെങ്ങുമില്ലാത്ത വിധം സുരേഷ് ഗോപിയെ കടുത്ത പ്രതിരോധത്തിലാക്കി.
സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയമുയർത്തി നടത്തിയ പദയാത്ര വലിയ ട്രോളുകൾക്കിടയാക്കി. തൃശൂർ ഞാനിങ്ങെടുക്കും എന്ന സുരേഷിൻ്റെ പ്രയോഗവും ട്രോളന്മാർ വ്യാപകമായി പ്രയോഗിച്ചു. ഇത്തരം സാഹചര്യങ്ങളെല്ലാം നിലനിൽക്കെയായിരുന്നു ഇത്തവണത്തെ മത്സരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here