‘ഭരണഘടനയും ദേശീയഗാനവും അപമാനിക്കപ്പെട്ടു’; ഇതാദ്യമല്ല സ്റ്റാലിൻ സർക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകുന്നത്
ദേശിയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് തമിഴ്നാട് നിയമസഭയിൽ നിന്നും ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി. ഡിഎംകെ സർക്കാരിൻ്റെ നയപ്രസംഗം വായിക്കാതെയായിരുന്നു ഗവർണറുടെ പ്രതിഷേധം. സഭ ആരംഭിക്കുമ്പോൾ ‘തമിഴ് തായ് വാഴ്ത്ത്’ എന്ന സംസ്ഥാന ഗാനവും പിരിയുമ്പോൾ ദേശീയ ഗാനവും ആലപിക്കുന്നതാണ് തമിഴ്നാട് നിയമസഭയിലെ പതിവ് രീതി. എന്നാൽ രണ്ട് സമയത്തും ദേശീയഗാനം വേണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ ഇറങ്ങിപ്പോക്ക്.
“ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വീണ്ടും അപമാനിക്കപ്പെട്ടു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കടമകളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും സഭ ചേരുമ്പോഴും പിരിയുമ്പോഴും ദേശീയഗാനം ആലപിക്കും”. -ഗവർണറുടെ പ്രതിഷേധത്തിന് ശേഷം രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
“ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമേ പാടിയിട്ടുള്ളൂ. സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഗവർണർ ബഹുമാനപ്പെട്ട സ്പീക്കറെയും മുഖ്യമന്ത്രിയേയും ഓർമപ്പെടുത്തി. ദേശീയ ഗാനം സഭ ചേരുമ്പോൾ ആലപിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവർ ഭരണഘടനയോടും ദേശീയതയോടും ഉള്ള അനാദരവ് തുടരുകയാണ് ചെയ്തത്. ഇത് ഗൗരവതരമായ കാര്യമാണ്. അഗാധമായ വേദനയോടെയാണ് ഗവർണർ സഭ വിട്ടത്” -രാജ്ഭവൻ കൂട്ടിച്ചേർത്തു.
അതേസമയം ഇറങ്ങിപ്പോയതിന് ശേഷം ഗവർണർ വായിക്കേണ്ട നയ പ്രസംഗം നിയമസഭാ സ്പീക്കർ എം അപ്പാവു വായിച്ചു. തമിഴ്‌നാട് നിയമസഭയിൽ തുടർന്ന് വരുന്ന പരമ്പരാഗത രീതികളുടെ പേരിൽ രാജ്ഭവനും ഡിഎംകെ സർക്കാരും തമ്മിൽ തർക്കം ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഗവർണർ നിയമസഭയിൽ നയപ്രസംഗം നടത്തിയിരുന്നില്ല. തനിക്ക് നൽകിയ പ്രസംഗത്തിൻ്റെ കരടിൽ വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി കാര്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ആർഎൻ രവി പ്രതിഷേധിച്ചതും ഇറങ്ങിപ്പോയതും.
കഴിഞ്ഞ തവണയും സമ്മേളനം തുടങ്ങിയപ്പോൾ ദേശീയ ഗാനം ആലപിക്കാത്തതിൽ ഗവർണർ പ്രതിഷേധം അറിയിച്ചിരുന്നു. പ്രസംഗത്തിലെ ഭാഗങ്ങളോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്നും, സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കണമെന്നും അറിയിച്ച ശേഷമായിരുന്നു അന്ന് അദ്ദേഹം സഭ വിട്ടത്.
തിരുവള്ളുവരുടെ തിരുകുറൽ (കുറൽ738 ) അടങ്ങിയ തുടക്കം മാത്രമാണ് ഗവർണർ വായിച്ചത്. ബാക്കിയുള്ള ഭാഗങ്ങളിൽ തെറ്റായ അവകാശവാദങ്ങളും വസ്തുതകളും അടങ്ങിയ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ വിസമ്മതം പ്രകടിപ്പിച്ചത്. വെറും ഒരു മിനിട്ടും ഒമ്പത് സെക്കൻ്റും മാത്രമായിരുന്നു അദ്ദേഹം അന്ന് സഭയിൽ തുടർന്നത്. സ്പീക്കറാണ് അന്നും നയ പ്രസംഗം വായിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here