മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്; ഉത്തരവ് ഡിജിപി കൈമാറി
ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.
മികച്ച ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.
കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
മന്ത്രി പറഞ്ഞത് ഇങ്ങനെ: ‘‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടന. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്’’.
പ്രസംഗത്തിനു എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ 2022 ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവച്ചു. ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതോടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാന്‍ തിരിച്ചെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here