ഇപ്പോളിതാ സിനിമയിലും; ഇടതിൻ്റെ കൺസൾട്ടൻസി മൊഹബത്തിന്’ പിന്നിലെന്ത്…

കൺസൾട്ടൻസിയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനിൽക്കുമ്പോൾ വീണ്ടും വിവാദ തീരുമാനവുമായി എൽഡിഎഫ് സർക്കാർ. സിനിമാരംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ 2017ൽ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്തു വരുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കൺസൾട്ടസിക്ക് പണം നൽകാനുള്ള ഉത്തരവിറങ്ങിയത്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കൺസട്ടൻസിയെ ചുമതലപ്പെടുത്തിയത്.

ALSO READ: ഹേമ കമ്മറ്റി റിപ്പോർട്ട് ഇതുവരെ രഹസ്യമായതിന് പിന്നിൽ ജസ്റ്റിസ് ഹേമ തന്നെ; ‘ഫാക്ട് ഫൈൻഡിങ്’ നടത്തിയിട്ടില്ലെന്ന് സർക്കാരിനെ അറിയിച്ചു

ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഓഗസ്റ്റ് അഞ്ചിന് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഈ സാമ്പത്തിക വർഷം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ധനസഹായം അനുവദിക്കുന്ന പണത്തിൽ നിന്നും കൺസൾട്ടൻസിയുടെ ചിലവ് നൽകാൻ മന്ത്രി സജി ചെറിയാൻ അനുമതി നൽകി.

സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന കിഫ്ബി പദ്ധതികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനെ നിയമിച്ചിരുന്നു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനായി കൺസൾട്ടന്റുമാരായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെയും കിറ്റ്കോയെയും 2017ൽ തിരഞ്ഞെടുക്കുകയും വിവിധ കാലയളവുകളിൽ 2023 ഡിസംബർ 31 വരെ കരാർ നീട്ടി നൽകുകയും ചെയ്തിരുന്നു. ഈ കൺസൾട്ടൻസികളെ നിയമിക്കുകയും കരാർ നീട്ടി നൽകുക ചെയ്ത കാലയളവിനിടയിൽ ഹേമ കമ്മിഷൻ 2019 ഡിസംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

2016ൽ പിണറായി വിജയൻ അധികാരത്തിൽ എത്തിയതിന് ശേഷം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി കൺസൾട്ടൻസി അഴിമതി ആരോപണങ്ങളാണ് ഉയർന്നു വന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, കെപിഎംജി, ലൂയി ബര്‍ഗര്‍, സിസ്ട്ര തുടങ്ങിയ കൺസൾട്ടൻസി സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതായിരുന്നില്ല. ബഹുരാഷ്ട്ര കുത്തക കമ്പനികളെ നിയോഗിച്ച തീരുമാനങ്ങൾ പിണറായി സർക്കാരിൻ്റെ ഇടത് സ്വഭാവത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.

വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ (ഇ മൊബിലിറ്റി ) ആവിഷ്‌കരിച്ച പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ബ്രിട്ടീഷ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ വിവാദ പദ്ധതികളുടെ എല്ലാം കണ്‍സള്‍ട്ടന്‍സി ലഭിച്ചത് മേൽ പറഞ്ഞ കമ്പനിക്ക് തന്നെയായിരുന്നു. പിണറായി സർക്കാരിൻ്റെ ‘സ്വപ്ന പദ്ധതി’ എന്ന് വിശേഷിപ്പിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റും ഈ ഇംഗ്ലീഷ് കമ്പനി തന്നെയാണ്. വിവാദ സ്വർണക്കടത്ത് നായിക സ്വപ്ന സുരേഷിന് പിന്‍വാതില്‍ നിയമനം കെ ഫോണില്‍ തരപ്പെടുത്തി കൊടുത്തത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വഴിയാണ്. മുഖ്യമന്ത്രിയുടെ മകളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള കമ്പനിയാണിത്.

പ്രളയാനന്തരമുള്ള പുനര്‍നിര്‍മാ ണത്തിന്റെ ഉപദേശകരായി ലഭിച്ചത് നെതര്‍ലാന്‍ഡ് ആസ്ഥാനമായ കെപിഎംജിക്കായിരുന്നു. ചെറുവള്ളി എസ്റ്റേറ്റില്‍ തുടങ്ങാന്‍ പോകുന്ന വിമാനത്താവളത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ലൂയി ബര്‍ഗര്‍ എന്ന അമേരിക്കന്‍ കമ്പനിയായിരുന്നു. കാസര്‍ഗോഡ്- തിരുവനന്തപുരം അതിവേഗ റെയില്‍പ്പാതയുടെ കണ്‍സള്‍ട്ടന്റ് സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിക്കാണ് ഇടതു സർക്കാർ നൽകിയിരുന്നത്. ഇപ്പോൾ സിനിമാ മേഖലയിയും കൺസൾട്ടിയെ നിയമിക്കാനുള്ള തീരുമാനം വരുംനാളുകളിൽ വലിയ വിവാദങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top