ഓറിയൻ്റൽ ഇൻഷുറൻസിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; 2.85 ലക്ഷം നഷ്ടപരിഹാരം നൽകണം

കോവിഡ് ബാധിതന് ഇൻഷുറൻസ് തുക നിഷേധിച്ച ഓറിയൻറൽ ഇൻഷുറൻസിനെതിരെ ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് രണ്ടരലക്ഷം രൂപ ഇൻഷുറൻസ് ക്ലെയിമും 35,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. എറണാകുളം അങ്കമാലി സ്വദേശി ജി.എം.ജോജോയുടെ പരാതിയിലാണ് തീര്‍പ്പ്‌. നിബന്ധനകൾ പാലിച്ച പരാതിക്കാരന് ഇൻഷുറൻസ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃ കോടതി കണ്ടെത്തി.

പരാതിക്കാരനും കുടുംബവും 10 വർഷമായി ആരോഗ്യ ഇൻഷുറൻസ് എടുത്തവരാണ്. കൂടാതെ, 2020ൽ കൊറോണ രക്ഷക്ക് പോളിസിയിലും ചേർന്നു. കോവിഡ് പോസിറ്റീവ് ആകുകയും 72 മണിക്കൂർ ആശുപത്രിയിൽ കിടക്കുകയും ചെയ്താൽ രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാഗ്ദാനം. 2021 ഏപ്രിലിൽ കോവിഡ് വന്നതിനെ തുടര്‍ന്ന് പരാതിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിസിക്കായി അപേക്ഷ നല്‍കിയെങ്കിലും ചില സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനി തുക അനുവദിച്ചില്ല.

Also Read: സ്റ്റാര്‍ ഹെല്‍ത്തിന് പിഴ; മാനസികനില തകരാറിലാണെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കരുതെന്ന് ഉപഭോക്തൃ കോടതി

പരാതിക്കാരനും ഭാര്യയും ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകി. ഭാര്യയുടെ ഇൻഷുറൻസ് ക്ലെയിം രണ്ടര ലക്ഷം രൂപ ഓംബുഡ്സ്മാൻ അനുവദിച്ചുവെങ്കിലും പരാതിക്കാരന്റെ തുക അനുവദിക്കാൻ തയ്യാറായില്ല. തുടര്‍ന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 45 ദിവസത്തിനകം ഇൻഷുറൻസ് തുകയായ 2.5 ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഇൻഷുറൻസ് കമ്പനി നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. പി.യു.സിയാദ് ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top