റിലയൻസ് റീട്ടെയിലിന് പിഴയടിച്ച് ഉപഭോക്തൃ കോടതി… പതിനയ്യായിരം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിപണി പിടിക്കാനോ അല്ലെങ്കിൽ കാലാവധി കഴിയാറായ ഉൽപന്നം വിറ്റുതീർക്കാനോ പലവിധ ഓഫറുകൾ കമ്പനികൾ പരീക്ഷിക്കാറുണ്ട്. അതിലൊന്നാണ് ബൈ വൺ ഗെറ്റ് വൺ (Buy 1 Get 1). ഇതുപ്രകാരം കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന റിലയൻസ് റീട്ടെയിൽ ഷോപ്പിൽ നിന്ന് തേൻ വാങ്ങിയ വീട്ടമ്മയെ കബളിപ്പിച്ചുവെന്ന പരാതിയാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതിക്ക് മുന്നിലെത്തിയത്.
വാഴക്കാലയിൽ പ്രവർത്തിക്കുന്ന റിലയൻസ് റീട്ടെയിൽ ഷോപ്പിൽ നിന്ന് 2020 ഒക്ടോബർ 24ന് ഹിമാലയ ഹണി (Himalaya Honey) ഉൽപ്പന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. സുഭമ്മ ഭാസി എന്ന വീട്ടമ്മ ബൈ വൺ ഗെറ്റ് വൺ ഓഫർ പ്രകാരം രണ്ട് ബോട്ടിൽ ഹണി വാങ്ങിയെങ്കിലും പിന്നീട് ബിൽ പരിശോധിച്ചപ്പോൾ ഓഫർ ലഭിച്ചില്ലെന്ന് ബോധ്യമായി. തിരികെ സ്റ്റോറിൽ ചെന്ന് പരാതി നൽകിയപ്പോൾ ആദ്യം സാങ്കേതിക പിഴവ് എന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കാതെ അവഹേളിച്ചതായി പരാതിയിൽ പറയുന്നു.
എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. അധികമായി വാങ്ങിയ രൂപ 440 തിരിച്ചു നൽകുകയും, അവരുടെ മനക്ലേശത്തിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടി ജി ഗോപിനാഥൻ കോടതിയിൽ ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here