‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന നിയമവിരുദ്ധമെന്ന് ഉപഭോക്തൃ കോടതി; നോട്ടീസ് ഒട്ടിക്കുന്നതും ബില്ലിൽ അച്ചടിക്കുന്നതും തടയാൻ ലീഗൽ മെട്രോളജിക്ക് നിർദേശം

കൊച്ചി: വ്യാപാരസ്ഥാപനങ്ങൾക്കും ലീഗൽ മെട്രോളജി വിഭാഗത്തിനും നിർണായക നിർദേശവുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണ്. വ്യാപാര സ്ഥാപനങ്ങൾ ഇത്തരം നോട്ടീസുകൾ പ്രദർശിപ്പിക്കുന്നതും, ബില്ലുകളിൽ അച്ചടിക്കുന്നതും തടയാൻ ലീഗൽ മെട്രോളജി വിഭാഗത്തിന് കർശന നിർദേശം നൽകി.

കൊച്ചിയിലെ പ്രമുഖ വാച്ച്, ക്ലോക്ക് വിൽപന സ്ഥാപനത്തിനെതിരെ ഉപഭോക്താവ് നൽകിയ പരാതിയിലാണ് കമ്മിഷൻ്റെ ഇടപെടൽ. 9,999 രൂപ വിലയുള്ള സ്മാർട്ട് വാച്ച് ഡിസ്കൌണ്ടിൽ 4,999 രൂപക്ക് വാങ്ങിയ ശേഷമുണ്ടായ തർക്കമാണ് കേസിനാധാരം. എന്നാൽ പരാതിക്കാരൻ്റെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി, പക്ഷെ നിയമപ്രകാരമുള്ള നിബന്ധന പാലിക്കാൻ വ്യാപാര സ്ഥാപനത്തിന് നിർദേശം നൽകുകയായിരുന്നു. ഇത് പ്രകാരമാണ് ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന നിയമപരമല്ല എന്ന് നിരീക്ഷിച്ചത്.

ഡി.ബി.ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള നിബന്ധനകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അടിക്കടി പരിശോധനകൾ നടത്താനും സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top