ജോണ്‍സണ്‍ &ജോണ്‍സന് അറുപതിനായിരം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; വായിക്കാന്‍ കഴിയാത്ത ലേബല്‍ വിലക്കി; ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കാനും നിര്‍ദേശം
കൊച്ചി: ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി ലീഗല്‍ മെട്രോളജി ചട്ടം ലംഘിച്ചതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഇതില്‍ 25,000 രൂപ ലീഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്‌ക്കേണ്ടത്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലീഗല്‍ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍, റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, എറണാകുളം അസിസ്റ്റന്റ് കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി ലോഷനില്‍ ഉപയോഗിക്കേണ്ട വിധം, നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ലീഗല്‍ മെട്രോളജി വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ലേബലിലെ അക്ഷരങ്ങള്‍ക്ക് നിയമാനുസൃതമായ വലിപ്പം ഉണ്ടെന്ന് ജോണ്‍സന്‍ & ജോണ്‍സണ്‍ കോടതിയെ അറിയിച്ചു. നിര്‍മാതാക്കള്‍ നല്‍കുന്നതാണ് റീടെയിലര്‍ വില്‍ക്കുന്നതെന്നും, നിയമം അനുശാസിക്കുന്ന വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്ക് ഉണ്ടെന്നും റിലയന്‍സ് റീറ്റൈലും വാദിച്ചു. ചട്ട പ്രകാരമുള്ള വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്കുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് കുപ്പികളുടെ ലേബല്‍ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടിലാണ് ലേബലുകളില്‍ അച്ചടിച്ച അക്ഷരങ്ങള്‍ ചട്ട വിരുദ്ധമാണെന്നും വായിക്കാന്‍ കഴിയുന്നതല്ലെന്നും വ്യക്തമായത്. ഉപഭോക്താവിന് പരാതി നല്‍കാന്‍ ഉള്ള വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ കെയര്‍ വിശദാംശങ്ങള്‍ എന്നിവ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് പരിഗണിച്ച് ലേബലില്‍ ഉള്ള അക്ഷരങ്ങളുടെ ഉയരവും വീതിയും പരിഗണിക്കാതെ അവ്യക്തമായും വ്യക്തമായും അച്ചടിക്കാന്‍ കഴിയുമെന്ന് കോടതി വിലയിരുത്തി. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നിര്‍മ്മിച്ച ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതും നിയമത്തെ തന്നെ തുരങ്കം വയ്ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ലീഗല്‍ മെട്രോളജി നിയമത്തില്‍ ഇളവുകളുണ്ടെന്ന എതിര്‍കക്ഷികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കണ്‍സ്യൂമര്‍ കെയര്‍ വിശദാംശത്തിന്റെ കാര്യത്തില്‍ ഈ ഇളവ് ബാധകമല്ലെന്നും ഡി.ബി ബിനു പ്രസിഡണ്ടും വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബഞ്ച് വ്യക്തമാക്കി. നിയമാനുസൃതമല്ലാത്ത രീതിയില്‍ പാക്കിങ് ലേബല്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടും ചട്ടപ്രകാരം പ്രവര്‍ത്തിക്കണമെന്നും കോടതി ജോണ്‍സന്‍ & ജോണ്‍സണ്‍ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here