ഉപജീവനത്തിന് വാങ്ങിയ ഓട്ടോയുടെ തകരാര്‍ തീര്‍ത്ത് നല്‍കിയില്ല; ടിവിഎസ് സര്‍വീസ് സെന്ററിന് പിഴയടിച്ച് ഉപഭോക്തൃ കോടതി

വാഹനത്തിന്റെ തകരാര്‍ പരിഹരിച്ചു നല്‍കാത്തതിന് ടിവിഎസിന്റെ അംഗീകൃത സര്‍വീസ് സെന്ററിന് 50,000/- രൂപ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
പല തവണ സര്‍വീസ് സെന്ററില്‍ വാഹന എത്തിച്ചിട്ടും ഗിയര്‍ ബോക്‌സിന്റെ തകരാര്‍ ഫലപ്രദമായി പരിഹരിക്കാന്‍ കഴിയാത്ത സര്‍വീസ് സെന്ററിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കണ്ടെത്തി.

എറണാകുളം ഏലൂര്‍ സ്വദേശിയായ ജോണ്‍സണാണ് ഇടപ്പിള്ളിയിലെ ടി.വി സുന്ദരം അയ്യങ്കാര്‍ & സണ്‍സ് എന്ന സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. ജീവിതമാര്‍ഗം എന്ന നിലയിലാണ് പരാതിക്കാരന്‍ മഹേന്ദ്രയുടെ പെട്ടി ഓട്ടോറിക്ഷ വാങ്ങിയത്. ഗിയര്‍ബോക്‌സില്‍ തുടര്‍ച്ചയായി തകരാറ് കണ്ടു. പലപ്രാവശ്യം അംഗീകൃത സര്‍വീസ് സെന്ററില്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടി എത്തിച്ചു. സര്‍വീസിന്റെ തുക നല്‍കിയിട്ടും ഗിയര്‍ ബോക്‌സിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. തുടര്‍ന്ന് മറ്റൊരു വര്‍ക്ക് ഷോപ്പില്‍ എത്തി 91,20/- രൂപ നല്‍കി ഗിയര്‍ ബോക്‌സിന്റെ തകരാര്‍ പരിഹരിച്ചക്കുകയായിരുന്നു.

വാഹനത്തിന്റെ തകരാര്‍ ഫലപ്രദമായി പരിഹരിക്കുന്നതില്‍ എതിര്‍കക്ഷികളുടെ ഭാഗത്ത് ന്യൂനത ഉണ്ടെന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബഞ്ച് നിരീക്ഷിച്ചു. 35,000/- രൂപ നഷ്ടപരിഹാരവും 15,000/- രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരനു നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top