ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന് 1.65 ലക്ഷം പിഴ; ഉപഭോക്തൃ കോടതി ഉത്തരവ് കൊറോണ ക്ലെയിം നല്‍കാത്തതിന്
ഇന്‍ഷുറന്‍സ് പോളിസിയിലെ നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടും കൊറോണ രക്ഷക് പോളിസി ക്ലെയിം നല്‍കാത്തതിനാണ് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന് ഉപഭോക്തൃ കോടതി പിഴയിട്ടത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിരീക്ഷിച്ചു. ആലുവ സ്വദേശി അജയ് ചന്ദ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2020 ഓഗസ്റ്റിലാണ് പരാതിക്കാരന്‍ പോളിസി എടുത്തത്. ഒരു വര്‍ഷമാണ് പോളിസിയുടെ കാലാവധി. 2020 ഡിസംബര്‍ ഏഴിന് പരാതിക്കാരന്‍ കോവിഡ് ബാധി.തനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് ആണെന്ന് കണ്ടെത്തുകയും 54,000 രൂപ ആശുപത്രിയില്‍ ചെലവാകുകയും ചെയ്തു. കോവിഡ് നിര്‍ണയിച്ച് 72 മണിക്കൂര്‍ തുടര്‍ച്ചയായി ആശുപത്രിയില്‍ കിടന്നാല്‍ ഒന്നര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ നിബന്ധന പാലിച്ചിട്ടും പരാതിക്കാരന്റെ ഇന്‍ഷുറന്‍സ് തുക ഫ്യൂച്ചര്‍ ജനറലി ഇന്ത്യ നല്‍കാന്‍ തയ്യാറായില്ല. വീട്ടില്‍ തന്നെ ചികിത്സ മതിയായിരുന്ന സാഹചര്യത്തിലാണ് പരാതിക്കാരന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന കാരണം പറഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനി തുക നിരസിച്ചത്. ഇതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
പോളിസി നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടും ഇന്‍ഷുറന്‍സ് തുക നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് കേസ് പരിഗണിച്ചു. ഇന്‍ഷുറന്‍സ് തുകയായ ഒന്നരലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here