‘മിന്ത്ര’ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; പരാതിക്കാരന് 20,000 നഷ്ടപരിഹാരം നൽകണം; ഇടനിലക്കാരെന്നും നഷ്ടം നികത്താൻ ബാധ്യതയില്ല എന്നുമുള്ള മിന്ത്രയുടെ വാദം തള്ളി
കൊച്ചി: ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാതെ ഇ-കൊമേഴ്‌സ് സ്ഥാപനം ഒഴിഞ്ഞുമാറുന്നതിനെ വിമര്‍ശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. വ്യാപാര രീതിക്ക് ഉചിതമല്ലാത്ത നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
വില്‍ക്കുന്ന സ്ഥാപനവും ഉപഭോക്താവും തമ്മിലുള്ള ഇടപാടില്‍ തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നും വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മിലുള്ള ഇടപാടില്‍ ഉണ്ടാകുന്ന തര്‍ക്കത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് ബാധ്യതയില്ലെന്നും നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്ക് ഇല്ലെന്നുമുള്ള മിന്ത്രയുടെ വാദം കോടതി തള്ളി. ഉപഭോക്താവിന് മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. എറണാകുളം പോണേക്കര സ്വദേശി അനില്‍കുമാര്‍ ടി എസ്, മിന്ത്ര ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരനായ അനിൽകുമാർ 5000 രൂപ ‘മിന്ത്ര ക്രെഡിറ്റ്’ എന്ന പദ്ധതിയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മിന്ത്ര അത് റദ്ദാക്കി. പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്.
മൂന്നാം കക്ഷിയുടെ തെറ്റിന് ഇടനിലക്കാരായ ഇ- കൊമേഴ്‌സ് സ്ഥാപനത്തിന് ബാധ്യതയില്ലെങ്കിലും സ്വന്തം തെറ്റില്‍ ഇവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രസിഡന്റ് ഡി. ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനായ അനില്‍കുമാറിന് 5000 രൂപ തിരിച്ചു നല്‍കണം. കൂടാതെ പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നല്‍കാന്‍ കോടതി മിന്ത്രയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഈ തുക നൽകിയില്ലെങ്കിൽ 9% പലിശയോടെ നൽകേണ്ടി വരുമെന്നും കോടതി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here