മാസ്ക് ഉണ്ടാക്കാനുള്ള മെഷീൻ ബാധ്യതയായി ജീവിതമാർഗം വഴിമുട്ടി; സപ്ലൈ ചെയ്ത കമ്പനിക്ക് പിഴയടിച്ച് ഉപഭോക്തൃ കോടതി

ജീവിതമാർഗം പ്രതിസന്ധിയില്‍ ആക്കിയതിന് യന്ത്രനിർമാണ കമ്പനി 12.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോവിഡ് കാലത്ത് ജീവനോപാധിയായി മാസ്ക് നിർമാണം ആരംഭിക്കാൻ വാങ്ങിയ മെഷീന്‍റെ മോശം നിലവാരം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. തമിഴ്നാട് സ്വദേശി ടി വിശ്വനാഥ ശിവന്റെ ഉടമസ്ഥതയിലുള്ള ശിവൻ ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെ ആലുവ സ്വദേശിയും എസ്ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ജി ശ്രീജിത്താണ് പരാതി നൽകിയത്.
നഷ്ടപരിഹാരത്തോടൊപ്പം മെഷീന്‍റെ വിലയും പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. യന്ത്രനിർമാണ കമ്പനിയുടെ നിയമ വിരുദ്ധ നടപടി കാരണം പരാതിക്കാരന് വലിയ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശബ്ദ മലിനീകരണവും സുരക്ഷാ ഭീഷണിയും ഉയർത്തുന്നതാണ് മെഷീന്‍റെ പ്രവർത്തനം എന്ന് കോടതി നിയോഗിച്ച വിദഗ്ധ കമ്മിഷന്‍ കണ്ടെത്തി.
കോവിഡ് കാലത്ത് നിരവധി ആശുപത്രികളിൽ നിന്നും മാസ്കിന് ഓർഡർ ലഭിച്ചിരുന്നു. നിർമാണ മെഷീന്‍റെ നിലവാരത്തകർച്ച കാരണം അതൊന്നും നൽകാൻ പരാതിക്കാരനായ ശ്രീജിത്തിന് കഴിഞ്ഞില്ല. മെഷീന് പല ഭാഗങ്ങളും ഉണ്ടായിരുന്നില്ലെന്നും കമ്പനിക്കെതിരെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഷിപ്പിങ്ങിൽ സംഭവിച്ച പിഴവാണെന്ന് പറഞ്ഞ് ബാക്കി ഭാഗങ്ങൾ കമ്പനി ശ്രീജിത്തിന് എത്തിച്ച് നൽകി. ഇതിനുശേഷം ഉണ്ടാക്കിയ മാസ്കുകളും ശരിയായില്ല. ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
പരാതിക്കാരന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ സാങ്കേതിക പരിജ്ഞാനം ഇല്ലായ്മയാണ് മാസ്കുകൾ കേടായതിന് കാരണം എന്നായിരുന്നു യന്ത്രനിർമാണ കമ്പനിയുടെ വാദം. കോടതി നടത്തിയ പരിശോധനയിൽ പരാതിക്കാരന്റെ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് മെഷീന്‍റെ വിലയായ 6, 78,500 രൂപയും നഷ്ടപരിഹാരമായി ആറ് ലക്ഷം രൂപയും കോടതി ചിലവുകൾക്കായി പതിനായിരം രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. ഡി.ബി.ബിനു, വി രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. ആശാ പി. നായർ ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here