സ്റ്റാര്‍ ഹെല്‍ത്തിന് പിഴ; മാനസികനില തകരാറിലാണെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കരുതെന്ന് ഉപഭോക്തൃ കോടതി
വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്തിന് പിഴയടിച്ച് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. പരാതിക്കാരന് 3.21 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ആലപ്പുഴക്കാരനായ പരാതിക്കാരന്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇന്‍ഷൂറന്‍സ് പോളിസിയാണ് എടുത്തിരുന്നത്. ഇയാളുടെ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടുകയും ചെയ്തു.
ചികിത്സയ്ക്ക് ശേഷം ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സ്റ്റാര്‍ ഹെല്‍ത്തിനെ സമീപിച്ചപ്പോള്‍ അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്. മനോരോഗം മൂലം വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടിയതാണെന്നും, ആറ് വര്‍ഷമായി ചികില്‍സ തേടുന്നതിനാല്‍ ഇതിനെ ‘അപകടം’ എന്നതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും സ്റ്റാര്‍ ഹെല്‍ത്ത് നിലപാടെടുത്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
നേരത്തെ ഉണ്ടായിരുന്ന മനോരോഗം മൂലം സ്വയം ഉണ്ടാക്കുന്ന മുറിവുകള്‍ക്ക് പൊളിസി പരിധിയില്‍ വരില്ലെന്ന നിലപാടാണ് കോടതിയിലും സ്റ്റാര്‍ ഹെല്‍ത്ത് സ്വീകരിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മനോരോഗം മൂലമാണ് പരിക്കുണ്ടായതെന്ന് തെളിയിക്കാന്‍ കമ്പനിക്ക് കഴിയാത്ത സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്ന് ഡി ബി .ബിനു പ്രസിഡണ്ടും, വൈക്കം രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയും അമ്പതിനായിരം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here